രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ പരാതിയിൽ അന്വേഷണച്ചുമതല റൂറൽ എസ്.പി. കെ.എസ്. സുദർശന് കൈമാറി. കേസിന്റെ മേൽനോട്ടം എ.ഡി.ജി.പി.എച്ച്. വെങ്കിടേഷ് വഹിക്കും. ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രിക്ക് അതിജീവത നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടർനടപടികൾ ആരംഭിച്ചത്. നിലവിൽ റൂറൽ എസ്.പി.യുടെ ഓഫീസിൽവെച്ച് പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം നാളെ കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ (164) അപേക്ഷ നൽകും.
ഉടൻ തന്നെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് എ.ഡി.ജി.പി.യുടെ നിർദ്ദേശം. യുവതിയുടെ പരാതിയിലെ വിവരങ്ങൾ അനുസരിച്ച് പുതിയ വകുപ്പുകൾ ചുമത്തും. നിലവിലുള്ള പഴയ കേസിന് പുറമെയായിരിക്കും ഇത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവം രാഷ്ട്രീയ തലത്തിൽ ചർച്ചയായ സാഹചര്യത്തിൽ അന്വേഷണത്തിന്റെ പുരോഗതി ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തുന്നുണ്ട്.
ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി യുവതി പരാതി നൽകിയത്. 4.50-ഓടെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള രേഖാമൂലമുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷമാണ് യുവതി മടങ്ങിയത്. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെത്തുടർന്ന് അവിടേക്ക് എത്തിക്കുകയായിരുന്നു.
പരാതിയും അതിലെ നിർണ്ണായകമായ തെളിവുകളും ലഭിച്ചതോടെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.
ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങി. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി എം.എൽ.എയുമായി ബന്ധപ്പെട്ടവർ ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്റെ സ്വഭാവവും പരിശോധിച്ച ശേഷമാകും തുടർനടപടികൾ ആലോചിക്കുക.
പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പ്രതികരിച്ച് വടകര എം.പി. ഷാഫി പറമ്പിൽ രംഗത്തെത്തി. നിയമപരമായ കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്നും, നിയമപരമായ നടപടിക്രമങ്ങൾക്ക് യാതൊരു തടസ്സവും നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ച ശേഷമേ നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Rural SP K.S. Sudarsan has been assigned the responsibility of investigating the complaint lodged by a woman against MLA Rahul Mankootathil.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."