പാലത്തിങ്ങല്‍ പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും
തിരൂരങ്ങാടി: ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പാലത്തിങ്ങലില്‍ പുതിയ പാലത്തന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കാനാകുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഒരു ജില്ലയില്‍ ഒരു വലിയ പ്രവൃത്തി എന്ന രീതിയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജില്ലാ പതാക വാഹക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിരുന്നതും 405 കോടി രൂപ അടങ്കലിലുള്ളതുമായ പരപ്പനങ്ങാടിനാടുകാണി സംസ്ഥാനപാത നവീകരണ പദ്ധതിയിലാണ് ഈ പാലത്തിന്റെ നിര്‍മാണം ഉള്‍പ്പെടുത്തിയിരുന്നത്.
നിലമ്പൂര്‍ നാടുകാണി ഭാഗത്ത് പ്രവൃത്തി ആരംഭിച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുന്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പില്‍ നല്‍കിയ ഭരണാനുമതികള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഈ പ്രവൃത്തിയും അവതാളത്തിലായിരുന്നു. എന്നാല്‍ പ്രവൃത്തിയുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് സാങ്കേതിക തടസം നീക്കണമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തടസ്സങ്ങള്‍ നീക്കാന്‍ നടപടിയായി. ഇന്നലെ ഊരാലുങ്ങല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ ഉത്തരവ് കൈമാറുകയും ചെയ്തു.
തിരൂരങ്ങാടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റികളെ ബന്ധിപ്പിച്ചുകൊണ്ട് കടലുണ്ടിപ്പുഴയ്ക്ക് കുറുകെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. നിലവിലെ പാലം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതിന്റെ തെക്ക് വശത്തായാണ് പുതിയ പാലം വരുന്നത്. അഞ്ച് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ചതാണ് നിലവിലെ പാലം. ജല സേചന വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജാണ് നിര്‍മിച്ചിരുന്നത്. കാലപ്പഴക്കം കാരണം പാലത്തിന്റെ പലഭാഗങ്ങളും ജീര്‍ണിച്ചിട്ടുണ്ട്. മാത്രമല്ല, പാലത്തിന്റെ വീതികുറവ് ഇരുഭാഗത്തും ഗതാഗതക്കുരുക്കുമുണ്ടാകുന്നുണ്ട്. ഒരേ സമയം ഇരുഭാഗത്ത് നിന്നും വാഹനങ്ങള്‍ കടന്ന് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. പാലത്തിന്റെ പല ഭാഗങ്ങളും ജീര്‍ണിച്ച അവസ്ഥയിലുമാണ്. അറ്റകുറ്റപ്പണി നടത്തിയാണ് പാലം സംരക്ഷിച്ചു വരുന്നത്.
15 കോടിയിലധികം രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. അര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരപ്പാലമുണ്ടായിരുന്ന ഭാഗത്താണ് പുതിയ പാലം നിര്‍മിക്കുന്നത്. നാവിഗേഷന്‍ റൂട്ടുള്ളതിനാല്‍ നടുഭാഗം ഉയര്‍ത്തി ആര്‍ച്ച് രൂപത്തിലാണ് പാലം നിര്‍മാണം. പുതിയ പാലത്തിന് 12 മീറ്റര്‍ വീതിയും 79.2 മീറ്റര്‍ നീളവുമുണ്ടാകും. നാലുതൂണുകളിലായി മൂന്ന് സ്പാനോട് കൂടിയതാണ് പുതിയ പാലം. നടുവിലെ സ്പാനിന് 32 മീറ്ററും, ഇരുകരക്കടുത്തുള്ള സ്പാനുകള്‍ക്ക് 23.6 മീറ്റര്‍ നീളവുമാണ് ഉണ്ടാകുക. പുതിയ പാലത്തിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് അറിയിച്ചു. പുതിയ പാലം വരുന്നതോടെ പാലത്തിങ്ങലിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."