മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ 21 വർഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി) വധശിക്ഷ വിധിച്ചതിനു പിന്നാലെയാണ് മൂന്ന് അഴിമതി കേസുകളിൽ ധാക്ക സ്പെഷൽ കോടതി ഷെയ്ഖ് ഹസീനയെ ശിക്ഷിച്ചത്.
ഹസീനയുടെ മകൻ സാജിബ് വാജിദ് ജോയിക്കും മകൾ സൈമ വാസിദ് പുടുലിനും കോടതി തടവും പിഴയും വിധിച്ചിട്ടുണ്ട്. തലസ്ഥാനത്തിനടുത്തുള്ള പുർബാചലിലെ രാജുക് ന്യൂ ടൗൺ പ്രൊജക്ടിനു കീഴിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി.
ഹസീനയ്ക്ക് ഓരോ കേസിലും ഒരു ലക്ഷം ടാക്ക (ഏകദേശം 73,130 രൂപ) പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അടച്ചില്ലെങ്കിൽ 18 മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. സാജിബ് വാജിദ് ജോയിക്കും സൈമ വാസിദ് പുടുലിനും അഞ്ച് വർഷം തടവാണ് ശിക്ഷ. ഇരുവരും ഒരുലക്ഷം ടാക്ക വീതം പിഴയും അടയ്ക്കണം. വീഴ്ച വരുത്തിയാൽ ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.
ധാക്ക സ്പെഷൽ കോടതി-5 ജഡ്ജി മുഹമ്മദ് അബ്ദുല്ല അൽ മഅ്മുൻ മൂന്ന് കേസുകളിലും ഏഴ് വർഷം വീതമാണ് ഹസീനയ്ക്ക് തടവ് വിധിച്ചത്. ആകെ 21 വർഷം ഹസീന തുടർച്ചയായി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ജഡ്ജി വ്യക്തമാക്കി.
ധാക്കയിലെ പുർബാചൽ പ്രദേശത്ത് സർക്കാർ ഭൂമി നിയമവിരുദ്ധമായി കുടുംബാംഗങ്ങൾക്ക് അനുവദിച്ചെന്ന പരാതിയിൽ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മിഷൻ (എ.സി.സി) കഴിഞ്ഞ ജനുവരിയിൽ ഷെയ്ഖ് ഹസീനയ്ക്കും കുടുംബാംഗങ്ങൾക്കും എതിരേ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ശേഷിക്കുന്ന മൂന്ന് കേസുകളിൽ ഡിസംബർ ഒന്നിന് വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."