ആഞ്ഞുവീശി 'ഡിറ്റ് വാ'; ശ്രീലങ്കയിൽ കനത്ത നാശനഷ്ടം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട്
കൊളംബൊ: ആഞ്ഞുവീശിയ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയത്തിലും പേമാരിയിലും ശ്രീലങ്കയിൽ കനത്ത നാശനഷ്ടം. നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായി. 44,000 പേരെ മാറ്റി പാർപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1.48 ലക്ഷം ജനങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്കുകൾ. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ശക്തമായ മഴയും പ്രളയവുമാണ് ശ്രീലങ്കയിൽ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്നത്. മഴ അടുത്ത 12 മണിക്കൂർ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തുടർന്ന് ചുഴലിക്കാറ്റ് തമിഴ്നാട് തീരം ലക്ഷ്യമാക്കി വടക്കു വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും. പലയിടത്തും 30 സെ.മി വരെ മഴ രേഖപ്പെടുത്തി. കിഴക്കൻ ശ്രീലങ്കയിലും മധ്യ മേഖലയിലുമാണ് കനത്ത മഴ ലഭിച്ചത്. സ്‌കൂളുകൾക്കും അവധി നൽകിയിരുന്നു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ അറിയിച്ചു.
തലസ്ഥാനമായ കൊളംബോയിലടക്കം പ്രളയം രൂക്ഷമാണ്. കൊളംബൊ സ്റ്റോക്ക് എക്സേഞ്ചിന്റെ പ്രവർത്തനം തടസപ്പെട്ടു.
വ്യോമ, റോഡ്, റെയിൽ ഗതാഗതവും മുടങ്ങി. കൊളംബൊ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പാലത്തിൽ കുടുങ്ങിയ 13 പേരെ സൈന്യം എയർലിഫ്റ്റ് ചെയ്തു. വീടുകൾക്കു മുകളിൽ കുടുങ്ങിയവരെയും എയർലിഫ്റ്റ് ചെയ്തു. അതേസമയം ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐ.എൻ.എസ് വിക്രാന്ത് കൊളംബൊയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."