with the fir filed against rahul mangoottil over a woman’s complaint, the number of sitting mlas facing similar allegations has risen to four. the list includes mlas from both the cpm and congress.
HOME
DETAILS
MAL
രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി
November 29, 2025 | 3:16 AM
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ സമാന ആരോപണങ്ങൾ നേരിടുന്ന സിറ്റിങ് എം.എൽ.എമാരുടെ എണ്ണം നാലായി. സി.പി.എമ്മിലെയും കോൺഗ്രസിലെയും എം.എൽ.എമാരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
സി.പി.എമ്മിലെ എം.മുകേഷ്, കോൺഗ്രസിലെ എം.വിൻസെൻ്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർ ക്കെതിരേയാണ് കേസുകൾ നിലവിലുള്ളത്. മുകേഷിനെതിരേ രണ്ട് പീഡനകേസുകളിൽ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഈ വർഷം കുറ്റപത്രം നൽകിയത്. ചലച്ചിത്രമേഖലയിലെ സ്ത്രീകളെ ബലാൽസംഗം ചെയ്‌തെന്നായിരുന്നു ആരോപണം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലിസ് കുറ്റപത്രം സമർപ്പിച്ചത്.
എം.വിൻസെന്റിനും എൽദോസ് കുന്നപ്പള്ളിയ്ക്കും എതിരേയുള്ള കേസുകളിൽ വിചാരണ നേരിടുകയാണ്. വിൻസെന്റിനെതിരേ അയൽവാസിയായ 51കാരി നൽകിയ ബലാൽസംഗ കേസിൽ 2017ൽ തന്നെ നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അറസ്റ്റിലായ ശേഷം അദ്ദേഹം ജാമ്യത്തിലിറങ്ങി.
പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്കെതിരേയും ബലാൽസംഗ കേസിൽ കുറ്റപത്രം നിലവിലുണ്ട്. 2022ൽ പല തവണ പീഡിപ്പിച്ചെന്നും വധിക്കാൻ ശ്രമിച്ചെന്നും കാട്ടി തിരുവനന്തപുരം സ്വദേശിയായ അധ്യാപിക നൽകിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ആദ്യം രാജിവയ്ക്കുന്നത് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയാണ്. അപകടത്തിൽപ്പെട്ട ചാക്കോയുടെ കാറിൽ ഒരു വനിതയുണ്ടായിരുന്നെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. സ്ത്രീകളുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് നീല ലോഹിതദാസൻ നാടാർ, കെ.ബി ഗണേഷ് കുമാർ, പി.ജെ ജോസഫ്, എ.കെ ശശീന്ദ്രൻ എന്നിവരും മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."