6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ
തലശ്ശേരി: ആറു മാസമായി കാണാതായ സ്ത്രീയുടെ അസ്ഥികൂടം തലശ്ശേരി നഗരമധ്യത്തിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലിസ് ചോദ്യം ചെയ്യുകയാണ്. തമിഴ്നാട് സേലം സ്വദേശിനി ധനകോടി (63) യുടെ അസ്ഥികൂടമാണ് കഴിഞ്ഞ ദിവസം കണ്ടെത്താനായത്.
ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപമുള്ള പണി പൂർത്തിയാകാത്ത ഒരു കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത കുഴിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.പഴയ സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന തൊഴിൽ ചെയ്തിരുന്ന ധനകോടിയെ ആറു മാസമായി കാണാനില്ലായിരുന്നു.അമ്മയെ കാണാതായതിനെക്കുറിച്ച് മക്കൾ ഭർത്താവായ അമ്പായിരത്തോട് (70) തിരക്കിയപ്പോൾ, അവർ നാട്ടിലേക്ക് പോയി എന്നാണ് ഇയാൾ മറുപടി നൽകിയിരുന്നത്. എന്നാൽ നാട്ടിൽ നടത്തിയ അന്വേഷണത്തിൽ അമ്മ അവിടെ എത്തിയിട്ടില്ലെന്ന് മനസ്സിലായി.
കഴിഞ്ഞ ദിവസം മക്കളും ബന്ധുക്കളും വീണ്ടും നിർബന്ധിച്ച് തിരക്കിയപ്പോൾ തലശ്ശേരിയിലേക്ക് വരാൻ അച്ഛൻ ആവശ്യപ്പെട്ടു. മക്കളെത്തിയപ്പോൾ അസ്ഥികൂടം കണ്ടെത്തിയ സ്ഥലം അമ്പായിരം കാട്ടിക്കൊടുക്കുകയായിരുന്നു.
സ്ഥലത്ത് തമിഴ്നാട് സ്വദേശികളായ ആളുകൾ കൂട്ടംകൂടി കലഹിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വാർഡ് കൗൺസിലർ ടി.സി. ഖിലാബ് പൊലിസിനെ വിവരമറിയിച്ചു. തുടർന്ന് പൊലിസെത്തി പരിശോധിച്ചപ്പോഴാണ് ലിഫ്റ്റ് കുഴിയിൽ നിന്ന് തലയോട്ടിയും മറ്റ് അസ്ഥികളും കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അമ്പായിരത്തെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകം താൻ നടത്തിയിട്ടില്ലെന്നാണ് ഇയാൾ പൊലിസിനോട് പറയുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അസ്ഥികൂടം കാണാതായ ധനകോടിയുടേത് തന്നെയാണോ എന്ന് ഫോറൻസിക് പരിശോധനയിലൂടെയേ വ്യക്തമാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."