സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം
മോസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റഷ്യൻ കേന്ദ്രബാങ്ക് (സെൻട്രൽ ബാങ്ക് ഓഫ് റഷ്യ - സിബിആർ) ചരിത്രത്തിലാദ്യമായി കരുതൽ ശേഖരത്തിലെ സ്വർണം ആഭ്യന്തര വിപണിയിൽ വിൽക്കാൻ തീരുമാനിച്ചു. റൂബിളിന്റെ കൂപ്പുകുത്തലും ബജറ്റ് കമ്മിയും നികത്താനുള്ള അവസാന മാർഗമായാണ് ഈ നടപടി.
യുക്രൈൻ വാർത്താ ഏജൻസിയായ യുഎൻഎന്നിനെ ഉദ്ധരിച്ച് കിറ്റ്കോ ന്യൂസ് റിപ്പോർട്ട് ചെയ്ത വിവരമനുസരിച്ച്, സിബിആർ തങ്ങളുടെ കരുതൽ സ്വർണശേഖരത്തിൽ നിന്ന് തന്നെ വിൽപന നടത്തും. ഇത് ബാങ്കുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും നിക്ഷേപ സ്ഥാപനങ്ങൾക്കും വാങ്ങാൻ അവസരം ലഭിക്കുന്ന രീതിയിലായിരിക്കും വിൽപന.
2025-ഓടെ റഷ്യയുടെ നാഷണൽ വെൽഫെയർ ഫണ്ട് (NWF) 51.6 ബില്യൻ ഡോളറായി ചുരുങ്ങി. 2022-ൽ ഇത് 113.5 ബില്യൻ ഡോളറായിരുന്നു. അതേസമയം, ഫണ്ടിലെ സ്വർണ നിക്ഷേപം 405.7 ടണ്ണിൽ നിന്ന് 173.1 ടണ്ണായി കുറഞ്ഞു. ലിക്വിഡ് ആസ്തികൾ ഏതാണ്ട് തീർന്നുവെന്ന അവസ്ഥയിലാണ് ഈ നിർണായക തീരുമാനം.
സിബിആർ 2025-ൽ ഏകദേശം 230 ടൺ സ്വർണം (ഏകദേശം 30 ബില്യൻ ഡോളർ മൂല്യം) വിൽക്കാനാണ് പദ്ധതി. 2026-ൽ കൂടുതൽ 114 ടൺ വിൽപന നടത്തിയേക്കും.യുക്രൈൻ യുദ്ധം തുടങ്ങിയതിനു ശേഷമുള്ള അമേരിക്കൻ-യൂറോപ്യൻ ഉപരോധങ്ങൾ, എണ്ണ വരുമാനത്തിലെ ഇടിവ്, പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ച റഷ്യൻ വിദേശകറൻസി റിസർവുകൾ തുടങ്ങിയവ റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് കരുതൽ സ്വർണം വരെ വിൽക്കേണ്ടി വരുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ ലോകത്തെ ഏറ്റവും വലിയ സ്വർണ കരുതൽ ശേഖരം സൂക്ഷിച്ചിരുന്ന രാജ്യങ്ങളിൽ ഒന്നായ റഷ്യ, ഇപ്പോൾ ആ കരുതൽ ശേഖരം തന്നെ ചോർത്തി ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."