ചിറ്റാറിലെ ജയന്റ് വീല്‍ അപകടം: കാര്‍ണിവല്‍ നടത്തിയത് അനുമതി ഇല്ലാതെയെന്ന് ആക്ഷേപം
പത്തനംതിട്ട: ചിറ്റാറില്‍ അഞ്ചു വയസുകാരന്‍ ജയന്റ് വീലില്‍ നിന്നും വീണു മരിച്ച സംഭവം വിവാദമാകുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി 'ചിറ്റാര്‍ വസന്തോത്സവം-ഓണപ്പൂരം 2016' എന്ന പേരില്‍ ഒരു സ്വകാര്യ സ്ഥാപനം നടത്തി വന്നിരുന്ന കാര്‍ണിവലിലാണ് വ്യാഴാഴ്ച നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം വിവാദമായതോടെ ചിറ്റാര്‍ ഡെല്‍റ്റാ ഗ്രൗണ്ടില്‍ നടന്ന കാര്‍ണിവലിന് അനുമതി നല്‍കിയതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണം-പൊലിസ്-ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കവും തുടങ്ങി. വേണ്ടത്ര അനുമതിയും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
ഗ്രീന്‍ ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഇവിടെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പരിപാടി തുടങ്ങിയത്. എന്നാല്‍ തങ്ങളുടെ മൂക്കിനു താഴെ നടന്ന കാര്‍ണിവലിനെ പറ്റി പൊലിസ് യാതൊരുവിധ അന്വേഷണവും നടത്തിയിരുന്നില്ല. പരാതികള്‍ ഒന്നും കിട്ടിയിരുന്നില്ല എന്നാണ് പരിശോധന നടത്താത്തതിന് പൊലിസ് നല്‍കുന്ന വിശദീകരണം. ആരുടെ അനുമതിയുടെ ബലത്തിലാണ് പരിപാടി നടന്നതെന്ന് പൊലിസിന് ഒരു പിടിയുമില്ല. അന്തിമ അനുമതി നല്‍കേണ്ട ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാല്‍, പഞ്ചായത്ത് കമ്മിറ്റി കാര്‍ണിവലിന്റെ അനുമതി സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്നും നികുതികള്‍ വാങ്ങി അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു എന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ നികുതിയിനത്തില്‍ ഇവരില്‍ നിന്നും പണം പിരിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിട്ടുണ്ടോ എന്നതിനും ഉത്തരമില്ല. ഈ സാഹചര്യത്തില്‍ അനുമതി സംബന്ധിച്ചുള്ള അവ്യക്തത നീക്കാന്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
ഓണപ്പൂരത്തിനു കൊണ്ടുവന്ന ജയന്റ് വീലടക്കം ഒരുപകരണവും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ജയന്റ് വീല്‍ ബക്കറ്റുകളില്‍ സുരക്ഷാ ബെല്‍റ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. യന്ത്രം ഉറപ്പിച്ച സ്ഥലത്തിന്റെ ഉറപ്പു സംബന്ധിച്ചും പരാതികള്‍ ഉയരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിച്ചവര്‍ക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു. ഞായറാഴ്ചത്തെ ദാരുണ സംഭവത്തെ തുടര്‍ന്ന് കാര്‍ണിവല്‍ പൊലിസ് നിര്‍ത്തി വയ്പ്പിച്ചു. പരിപാടി നടത്താനുള്ള അനുമതി ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ പൊലിസ് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അനുമതികള്‍ ഇല്ലാതെയും നടത്തുന്ന കാര്‍ണിവലുകള്‍ എവിടെയെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവ നിര്‍ത്തിവയ്പ്പിക്കാനും ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കി.
ചിറ്റാര്‍ കുളത്തിങ്കല്‍ സജി-ബിന്ദു ദമ്പതികളുടെ മകന്‍ അലനാണ് ജയന്റ് വീലില്‍ നിന്ന് തെറിച്ചു വീണ് മരിച്ചത്. 30 അടി മുകളില്‍ നിന്നുമാണ് അലന്‍ വീണത്. സഹോദരി പ്രിയങ്ക(15)യ്ക്കും ഇത്തരത്തില്‍ വീണ് ഗുരുതര പരുക്കുപറ്റി. പ്രിയങ്കയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഊഞ്ഞാലിന്റെ വേഗത കൂടിയതോടെ കുട്ടികള്‍ ഭയന്നു തെറിച്ചു വീഴുകയായിരുന്നത്രേ. മാതാപിതാക്കളുടെ കണ്‍മുന്‍പിലേക്കാണ് ഇവര്‍ തെറിച്ചുവീണത്. അലന്റെ മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."