പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി
ശ്രീനഗര്‍: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിനാല്‍ നിയന്ത്രണ രേഖ (എല്‍.ഒ.സി) കടന്നുള്ള കശ്മീരിന്റെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള വ്യാപാരം ഇറക്കുമതി - കയറ്റുമതിയല്ലെന്നും മറിച്ച് അത് സംസ്ഥാനത്തിനുള്ളിലെ വ്യാപാരമായി മാത്രമാണ് കണക്കാക്കുകയെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി.
പാക് നിയന്ത്രണത്തിലുള്ള പ്രദേശം ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍, ചരക്ക് വിതരണം ചെയ്യുന്നവരും വിതരണ സ്ഥലവും ജമ്മു കശ്മീരിനുള്ളില്‍ തന്നെയാണ് ഉള്‍പ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. 2008ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരസ്പര വിശ്വാസം വളര്‍ത്തല്‍ നടപടികളുടെ ഭാഗമായി ആരംഭിച്ച അതിര്‍ത്തി കടന്നുള്ള വ്യാപാരവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, സഞ്ജയ് പരിഹാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഈ വ്യാപാരം നിര്‍ത്തിവച്ചിരുന്നു. 2017ല്‍ ജി.എസ്.ടി നിലവില്‍വന്നപ്പോള്‍ അതിര്‍ത്തി വഴിയുള്ള ഈ വ്യാപാരത്തിന് നികുതി ഇളവ് നല്‍കിയിരുന്നില്ല. എന്നാല്‍, ഇത് 'സീറോ റേറ്റഡ്' (നികുതിയില്ലാത്ത) വ്യാപാരമായി കണ്ട് വ്യാപാരികള്‍ നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ പേരിലുള്ള കാരണം കാണിക്കല്‍ നോട്ടിസുകളാണ് കേസിന്നാധാരം.
ഈ നോട്ടിസുകള്‍ക്ക് മറുപടി നല്‍കാന്‍ വ്യാപാരികള്‍ക്ക് നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഹരജികള്‍ തള്ളുന്നതായി പ്രഖ്യാപിച്ചു. അതിര്‍ത്തി വഴിയുള്ള വ്യാപാരം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി വ്യാപാരമാണെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."