കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്‌ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മൂന്നുവർഷത്തിലധികമായി നീണ്ട അന്വേഷണത്തിനോടുവിലാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പാകെ നോട്ടീസ് സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യങ്ങൾക്ക് വിനിയോഗിച്ചു എന്നാണ് ചട്ടലംഘനമായി ഇഡിയുടെ കണ്ടെത്തൽ.
2019ൽ 9.72% പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കിക്കൊണ്ട് 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചിരുന്നത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ മസാല ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം തോമസ് ഐസക്കിന് രണ്ടുതവണ സമ്മൻസ് അയക്കുകയും ചെയ്തിരുന്നു.
കിഫ്‌ബി ഹാജരാക്കിയ രേഖകൾ അടക്കം പരിശോധിച്ചു കൊണ്ടാണ് ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തിയത്. കാരണം കാണിക്കൽ നോട്ടീസ് അയച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൾ വഴിയോ നോട്ടീസ് നൽകാൻ സാധിക്കും. ഇരുപക്ഷവും കേട്ട ശേഷം ആയിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമ തീരുമാനം ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."