കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്. വാഗ്ദാനലംഘനങ്ങൾ തുടർക്കഥയാകുന്നു. കേരളം അതിദാരിദ്ര്യമുക്തമായെന്ന സർക്കാർ പ്രഖ്യാപനം യാഥാർഥ്യത്തിന് നിരക്കാത്തതാണ്. അതിദാരിദ്ര്യം അനുഭവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. അതിദാരിദ്ര്യം നിർമാർജനം ചെയ്യാനായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ ലക്ഷ്യത്തിൽ എത്തിയിട്ടില്ല. അവയുടെ നടത്തിപ്പിൽ പാളിച്ചകളുണ്ടായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം പ്രതിഫലിക്കുമോ
തീർച്ചയായും. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാകും. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും ഇടപെടേണ്ടവർ കണ്ടില്ലെന്ന് നടിക്കുന്നു. വിപണിയിൽ സർക്കാരിന് നിയന്ത്രണമില്ലാത്ത സ്ഥിതിയാണ്. സപ്ലൈക്കോ, കൺസ്യൂമർഫെഡ് സൂപ്പർ മാർക്കറ്റുകളിൽ അവശ്യസാധനങ്ങളില്ല. ഇതെല്ലാം തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന് എതിരായി പ്രതിഫലിക്കും. പൊള്ളയായ വാഗ്ദാനങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ എങ്ങനെ ബാധിക്കും
കർഷകരെ വിട്ട് കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാരിന്റേത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന കാർഷികമേഖലയ്ക്ക് യു.ഡി.എഫ് സർക്കാരുകൾ പ്രത്യേക പരിഗണന നൽകിയിരുന്നു. സംസ്ഥാന സർക്കാർ കാർഷിക മേഖലയെ അവഗണിക്കുന്നതിന്റെ തെളിവാണ് കാർഷിക പാക്കേജുകൾ ഫയലുകളിൽ ഒതുങ്ങിയത്. 12,000 കോടിയുടെ ഇടുക്കി പാക്കേജ് മുഖ്യമന്ത്രി നേരിട്ട് കട്ടപ്പനയിലെത്തി പ്രഖ്യാപിച്ചതാണ്. എന്നാൽ, ഇതുവരെ നടപ്പാക്കിയത് 56 കോടിയുടെ പദ്ധതികൾ മാത്രമാണ്.
വിലയിലെ അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും കാർഷികമേഖലയെ തകർക്കുമ്പോൾ ഉൽപന്നങ്ങൾക്ക് തറവില നിശ്ചയിച്ച് കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. റബറിന് 250 രൂപ തറവിലയെന്ന വാഗ്ദാനം പ്രഖ്യാപനത്തിൽ മാത്രം. ഉൽപാദന ചെലവിന്റെ ഒന്നര ഇരട്ടി കർഷകർക്ക് നൽകണമെന്ന സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ജലരേഖയായി അവശേഷിക്കുന്നു. കർഷക പ്രശ്‌നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് അധികാരത്തിൽ വരണം. വിവാദങ്ങൾക്കപ്പുറം കർഷക വിഷയങ്ങൾ പ്രചാരണത്തിൽ മുഖ്യമാകണം. കാർഷിക വിളകളുടെ വിലയിടിവ് മൂലം ഹൈറേഞ്ചിന്റെ സമ്പദ്ഘടന താറുമാറായി. മനുഷ്യ - വന്യജീവി സംഘർഷം നാൾക്കുനാൾ വർധിക്കുകയാണ്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണം. ഇതിനായി ക്രിയാത്മക നടപടികൾ കൈക്കൊള്ളണം. കേന്ദ്ര ഫണ്ടുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. വനം വകുപ്പ് നിലപാട് പലപ്പോഴും ജനങ്ങൾക്കെതിരാണ്.
ശബരിമല സ്വർണപ്പാളിക്കേസ് സ്വാധീനം ചെലുത്തുമോ
ഉറപ്പായും. ചെറുമീനുകളാണ് ഇപ്പോൾ വലയിൽ കുടുങ്ങിയിരിക്കുന്നത്. വമ്പൻ സ്രാവുകൾ രക്ഷപ്പെട്ട് നടക്കുകയാണ്. താമസിയാതെ അവരും അകത്താകും. ദേവസ്വം മന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. തെളിവുകൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്നു. ആരോ പിന്നിൽ നിന്ന് ധൈര്യം കൊടുത്തതിനാലാണ് പത്മകുമാറിനെ പോലുള്ളവർ തീവെട്ടിക്കൊള്ള നടത്തിയത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2025ൽ യു.ഡി.എഫിനുണ്ടായ മാറ്റം
ചെറിയ ചെറിയ അസ്വാരസ്യങ്ങൾ മാറ്റിനിർത്തിയാൽ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇക്കുറി വൻ മുന്നേറ്റമുണ്ടാക്കും. താൻ തന്നെയാണ് അതിന് നേതൃത്വം നൽകുന്നത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ യു.ഡി.എഫിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയം പറയാൻ പോലുമാകാത്ത പ്രതിസന്ധിയിലാണ് സി.പി.എം. ചർച്ച ചെയ്യപ്പെടേണ്ട യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് ഇടതുമുന്നണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."