വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാനില്ല; വീട്ടിൽ നിന്നും കുട്ടി ഒറ്റയ്ക്ക് ഇറങ്ങി നടന്നത് മൂന്ന് കിലോമീറ്റർ
ആലുവ: ദേശം പുറയാറിലെ വീട്ടിൽ നിന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തിറങ്ങിയ അഞ്ച് വയസ്സുകാരൻ മൂന്ന് കിലോമീറ്ററോളം ദൂരം ഒറ്റയ്ക്ക് നടന്നുപോയി. ഇന്നലെ വൈകുന്നേരം ആണ് സംഭവം.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തരായി. സമീപ പ്രദേശങ്ങളിലും വഴികളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ വീട്ടുകാർ നെടുമ്പാശ്ശേരി പൊലിസിൽ വിവരമറിയിച്ചു. പൊലിസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.തിരച്ചിലിനിടെ, വീട്ടിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ദേശം മംഗലപ്പുഴ പാലത്തിന് സമീപത്ത് വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
മംഗലപ്പുഴ പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനാണ് കുട്ടിയെ കണ്ടെത്തിയത്. ഒരു ചെറിയ കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം കുട്ടിയെ തടഞ്ഞുനിർത്തി സംസാരിക്കുകയും പിന്നീട് പൊലിസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ദേശം–കാലടി റോഡിലൂടെ നടന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ച സമയത്താണ് കുട്ടിയെ കണ്ടെത്തിയത്.സ്ഥലത്തെത്തിയ പൊലിസ് കുട്ടിയുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം, കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."