ഒരു പവന് വേണ്ടി കൊലപാതകം'; ലിവിംഗ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് സുഖജീവിതം നയിച്ച പ്രതി പിടിയിൽ
കാസർകോട്: ഒരു പവന്റെ ബ്രേസ്‌ലറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലിസ് പിടികൂടി. വയനാട്ടിൽ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്.
പ്രതിയായ എം.ആന്റോ സെബാസ്റ്റ്യൻ (44), വയനാട് മേപ്പാടി, തൃക്കൈപ്പറ്റ സ്വദേശിയാണ്.കൊല്ലപ്പെട്ട യുവതി നീതു കൃഷ്ണ (32), കൊല്ലം കൊട്ടിയം സ്വദേശിനിയും. 2023 ജനുവരി 27-ന് രാവിലെയാണ് നീതു കൃഷ്ണയെ കാസർകോട് ഷേണിയിലെ എസ്റ്റേറ്റിൽ കഴുത്തുഞെരിച്ച കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.നാല് വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന നീതുവിനെ, ഒരു പവന്റെ ബ്രേസ്‌ലറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആന്റോ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് വെച്ച് പ്രതി പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു.
കാസർകോട് ജില്ലാ പൊലിസ് മേധാവി ബി.വി. വിജയ ഭരതിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ബദിയടുക്ക പൊലിസും കാസർകോട് സബ് ഡിവിഷൻ സ്ക്വാഡും വയനാട്ടിൽ അന്വേഷണം നടത്തിയത്.പൊലിസ് എത്തുമ്പോൾ വയനാട്ടിൽ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് പെയിന്റിംഗ് ജോലി ചെയ്ത് 'സുഖജീവിതം' നയിക്കുകയായിരുന്നു പ്രതി.ഈ സ്ഥലത്ത് പൊലിസ് എത്തില്ലെന്ന പ്രതീക്ഷയിലായിരുന്ന പ്രതി പൊലിസിനെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കാതെ കീഴടങ്ങി.
ജില്ലാ പൊലിസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദേശപ്രകാരം എഎസ്പി എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ബദിയടുക്ക ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാർ, സിപിഒമാരായ എസ്. ഗോകുല, ശ്രീനേഷ്, ആരിഫ്, സ്ക്വാഡ് അംഗമായ ഷജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."