ദുരിതാശ്വാസ സഹായം വൈകിയതില്‍ ക്ഷമ ചോദിച്ച് യുവതിക്ക് മുഖ്യമന്ത്രിയുടെ കത്ത്
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സഹായധനം അനുവദിക്കാന്‍ വൈകിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ട കുമ്പഴ സ്വദേശിനി സുചിത്ര സുരേഷിനെ ആശ്വസിപ്പിച്ചു കത്തയച്ചു.
2015 ഡിസംബറില്‍ സുചിത്രയുടെ സഹോദരന്‍ ഹരികൃഷ്ണന്‍ അപകടത്തില്‍ മരിച്ചിരുന്നു. അന്ന് അപകട മരണ ധനസഹായത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അത് അനുവദിച്ചില്ല എന്നായിരുന്നു സുചിത്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ ഉള്ളടക്കം.
ധനസഹായം അനുവദിച്ചു തരാത്തതില്‍ പരിഭവമുണ്ടെങ്കിലും 12ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന തന്റെ വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കണമെന്നു കൂടി സുചിത്ര അപേക്ഷിച്ചു. ഈ കത്ത് പരിഗണിച്ച മുഖ്യമന്ത്രി ഓണ്‍ലൈനായി അപകടമരണത്തിന്റെ റിപ്പോര്‍ട്ട് തേടുകയും ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നുവെങ്കിലും തിരക്കിട്ട പരിപാടികള്‍ കാരണം അതിന് കഴിയുന്നില്ല എന്നുകാട്ടി സുചിത്രയ്ക്ക് മുഖ്യമന്ത്രി മറുപടിയും നല്‍കി. ഒരു വലിയ ദുഃഖത്തില്‍നിന്നു മോചിതരായി കുടുംബം മുന്നോട്ടുപോകുന്നുവെന്നതിലും വിവാഹ ചടങ്ങിന്റെ ആഹ്ലാദ നേരങ്ങള്‍ വന്നുചേര്‍ന്നതിലും മുഖ്യമന്ത്രി കത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.
ദുരിതാശ്വാസ സഹായം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സുചിത്രയുടെ കത്ത് പ്രേരകമായിട്ടുണ്ടെന്നും മുഖ്യമന്ത്രി എഴുതി.
ഹരികൃഷ്ണന്റെ വേര്‍പാട് കുടുംബത്തിനുണ്ടാക്കിയ തീരാനഷ്ടം താന്‍ മനസിലാക്കുന്നുവെന്നും എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ നാം മനക്കരുത്ത് കാട്ടേണ്ടതുണ്ടെന്നും കൂടുതല്‍ കര്‍ത്തവ്യനിരതരായി നമുക്ക് സ്വന്തം ദുഃഖങ്ങളെ ലഘൂകരിക്കാനാവുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
മാതാപിതാക്കളെയും സഹോദരിയേയും സ്‌നേഹാന്വേഷണം അറിയിച്ച മുഖ്യമന്ത്രി സുചിത്രയ്ക്കും പ്രതിശ്രുത വരന്‍ അരവിന്ദിനും മംഗളാശംസകളും നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."