അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്
തിരുവനന്തപുരം: നിയമപോരാട്ടം നടത്തുന്ന അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയ സംഭവത്തിൽ ഇടുക്കിയിലും കാസർകോട്ടും കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
നെടുങ്കണ്ടം പൊലിസാണ് ഇടുക്കിയിൽ കേസ് എടുത്തത്. അബ്ദുൾ കെ. നാസർ എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാസറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി മെറ്റയെ സമീപിക്കുമെന്ന് പൊലിസ് അറിയിച്ചു.
അതേസമയം, അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് സൈബർ പൊലിസും സ്വമേധയാ കേസെടുത്തു. 'jayaraj bare' എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അധിക്ഷേപ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതേ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ്റെ ശക്തമായ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതിക്കെതിരെ മ്യൂസിയം പൊലിസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലിസ് സ്റ്റേഷനിലുമടക്കം സമാന കേസുകളുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കുറ്റം ചെയ്തോ എന്ന് പരിശോധിക്കുന്നതിന് കൂടുതൽ അന്വേഷണം അനിവാര്യമാണ് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുൽ ഈശ്വറിനെതിരായ കുറ്റം നിസ്സാരമായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബർ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്തായിരുന്നു അറസ്റ്റ്. കേസിൽ പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അഞ്ചാം പ്രതിയാണ്.
A survivor pursuing a legal battle has had identifying information shared widely on social media, leading police to register cases in Idukki and Kasaragod against those responsible for disclosing the details. In a related development, the bail plea of Rahul Easwar, arrested for allegedly insulting the same survivor, was rejected by the court, citing the seriousness of the offence and the prosecution's argument that he is a habitual offender.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."