നാടിന്റെ പെണ്‍മക്കള്‍ സുമംഗലിയായതിന്റെ സന്തോഷത്തില്‍ ജനപ്രതിനിധികള്‍
പത്തനംതിട്ട: നാടിന്റെ പെണ്‍മക്കള്‍ സുമംഗലിയായതിന്റെ ആഹ്ലാദത്തിലാണ് ഒരു കൂട്ടം ജനപ്രതിനിധികള്‍. ഇവരുടെ മൂന്നാഴ്ചത്തെ വിശ്രമമില്ലാത്ത ശ്രമത്തിന്റെ ഫലമാണ് കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ രമ്യയുടെയും മഞ്ജുവിന്റെയും നെറുകയിലെ സിന്ദൂരം.
രമ്യയ്ക്ക് മലപ്പുറം സ്വദേശി ശിവശങ്കരനും മഞ്ജുവിന് കോഴഞ്ചേരി സ്വദേശി മനുവും കഴിഞ്ഞ ദിവസമാണ് താലി ചാര്‍ത്തിയത്. വിവാഹാലോചന ഉറപ്പിച്ചപ്പോള്‍ തന്നെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്താന്‍ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ രക്ഷാധികാരിയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ ചെയര്‍മാനും കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ വൈസ് ചെയര്‍മാനുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
കോഴഞ്ചേരി പഞ്ചായത്തംഗങ്ങളായ ലതാ ചെറിയാന്‍, ആനി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെറി മാത്യു സാം, ബിജിലി പി. ഈശോ, ഉപദേശക സമിതിയംഗം ലീവ ബിജി എന്നിവര്‍ വിവാഹ ഒരുക്കങ്ങള്‍ക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങി.
ഇവര്‍ക്ക് എല്ലാ പിന്തുണയുമായി ഇലന്തൂര്‍ ബ്ലോക്കിലേയും കോഴഞ്ചേരി പഞ്ചായത്തിലേയും അംഗങ്ങളുമുണ്ടായിരുന്നു. നാടിന്റെ പെണ്‍മക്കളുടെ വിവാഹം പറയാനിറങ്ങിയപ്പോള്‍ സഹായം ഒഴുകിയെത്തി. സാധാരണക്കാരായ നാട്ടുകാരും പള്ളിയും വിവിധ സംഘടനകളും സഹായ ഹസ്തം നീട്ടി.
വിവാഹത്തിന്റെ ക്ഷണക്കത്ത് തയാറാക്കിയതു മുതല്‍ 400 പേര്‍ക്ക് സദ്യഒരുക്കിയതില്‍ വരെ ഇവരുടെ ശ്രദ്ധ പതിഞ്ഞിരുന്നു.
വിവാഹത്തിന്റെ തലേദിവസം മഹിളാ മന്ദിരത്തിലെ എല്ലാ അന്തേവാസികള്‍ക്കും പുതിയ വസ്ത്രങ്ങളെടുത്തു നല്‍കി.
സമീപത്തെ താമസക്കാര്‍ക്ക് ചായ സല്‍ക്കാരവുമൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."