കേരളത്തിലെ ആദ്യത്തെ ബയോഡീസല്‍ പമ്പ് പ്രവര്‍ത്തനം തുടങ്ങി; പ്രതീക്ഷയില്‍ കെഎസ്ആര്‍ടിസി
കോഴിക്കോട്: അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുക എന്ന നയവുമായി ബയോഡീസലിലേക്ക് കെ.എസ്.ആര്‍.ടി.സി നീങ്ങുകയാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം സബ് ഡിപ്പോയില്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ബയോഡീസല്‍ പമ്പിന്റെ ഉദ്ഘാടനം തൊട്ടില്‍പ്പാലത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതില്‍ വാഹനങ്ങളുടെ പുക വലിയ പങ്കുവഹിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍. അതിനാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. പത്തുവര്‍ഷം പൂര്‍ത്തിയായ ഒരു ഡീസല്‍ വാഹനവും ഓടിക്കാന്‍ പാടില്ലെന്നാണ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിലക്ക്. ഇത് നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോവാമെന്നല്ലാതെ ആത്യന്തികമായി അംഗീകരിച്ചേ മതിയാവൂ.
നടപ്പിലാക്കുന്ന രീതി സംബന്ധിച്ച് വ്യത്യാസമുണ്ടാകാമെങ്കിലും നടപ്പിലാക്കാതിരിക്കാനാവില്ല. ആ ദിശയില്‍ ആദ്യമായി ശരിയായ നടപടി സ്വീകരിക്കുകയാണ് ഗതാഗത വകുപ്പ്.
കര്‍ഷകരെ രക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കെ.എസ്.ആര്‍.ടിയുടെ ഇന്ധനക്ഷമത വര്‍ധിപ്പിച്ച് ചെറിയ തോതിലെലെങ്കിലും ലാഭമുണ്ടാക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങളാണ് ബയോ ഡീസലിലൂടെ നേടുന്നതെന്നും മന്ത്രി പറഞ്ഞു.
തൊട്ടില്‍പ്പാലം ഡിപ്പോയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പില്‍നിന്ന് അഞ്ച് ശതമാനം ബയോ ഡീസല്‍ ചേര്‍ത്ത ഡീസലാണ് ഇനി നിറയ്ക്കുക. ഇതോടൊപ്പം കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയും ബയോ ഡീസലിലേക്ക് മാറുന്നതോടെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ബയോ ഡീസല്‍ ഉപയോഗിക്കുന്ന രീതിയിലേക്കാവും. ഈ മാസം തന്നെ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളിലും ബയോ ഡീസലിലേക്ക് മാറും. മറ്റു ജില്ലകളില്‍ വൈകാതെ ഇത് നടപ്പിലാക്കും.
എന്താണ് ബയോഡീസല്‍
പാമോയില്‍, ജെട്രോഫ കുരു, സോയാബീന്‍, മൃഗക്കൊഴുപ്പ്, ഉപയോഗ ശൂന്യമായ പാചക എണ്ണ എന്നിവയില്‍നിന്നാണ് ബയോഡീസല്‍ ഉല്‍പാദിപ്പിക്കുന്നത്.
ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ബയോ ഡീസല്‍ സാധാരണ ഡീസലിന് പകരമായി ഉപയോഗിക്കാവുന്നതാണ്.
നേട്ടങ്ങള്‍
കൃഷിക്കാര്‍ക്ക് ഇത്തരം കൃഷിയിലേക്ക് തിരിഞ്ഞ് വരുമാനം വര്‍ധിപ്പിക്കാനും കഴിയും. എന്‍ജിന്‍ ക്ഷമത കൂട്ടുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നു. വിഷപദാര്‍ഥമല്ല. ജൈവരീതിയില്‍ വിഘടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."