അപകീര്‍ത്തി പരാമര്‍ശം; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി കെ.സി.വേണുഗോപാല്‍
ആലപ്പുഴ: ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായാണ് മാനനഷ്ടക്കേസ് നല്‍കിയത്. കരിമണല്‍ ഇടപാടുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കേസ്. കെ സി വേണുഗോപാലിന്റെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴല്‍ നാടന്‍ എംഎല്‍എ ഹാജരായി. ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും 16 ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സാക്ഷികള്‍ക്ക് സമന്‍സ് അയക്കും.
കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുത്ത് കെ സി വേണുഗോപാല്‍ കോടികള്‍ സമ്പാദിച്ചുവെന്നായിരുന്നു ശോഭയുടെ പരാമര്‍ശം. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേര്‍ന്ന് രാജ്യാന്തര തലത്തില്‍ പലതരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ഇപ്പോഴും ബിനാമി പേരില്‍ കെസി വേണുഗോപാല്‍ ആയിരക്കണക്കിനു കോടികള്‍ സമ്പാദിക്കുന്നുണ്ട്.
അതിലുള്‍പ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണല്‍ കര്‍ത്ത. കെ സി വേണുഗോപാല്‍ പറഞ്ഞിട്ട് ഓലയാണ് ആലപ്പുഴയില്‍നിന്ന് കരിമണല്‍ കയറ്റുമതിക്കുള്ള അനുവാദം കര്‍ത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വേണുഗോപാല്‍ തനിക്കെതിരെ പരാതി നല്‍കിയത് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ശോഭയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."