വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു
മുംബൈ: മകന് വിഷം നൽകി കൊലപ്പെടുത്തി എന്ന കേസിൽ പ്രതിയായി നാല് വർഷം ജയിലിൽ കഴിഞ്ഞ പിതാവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. മുഹമ്മദ് അലി നൗഷാദ് അലി അൻസാരിയെയാണ് മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി അശ്വിനി കസ്തൂരെ കുറ്റവിമുക്തനാക്കിയത്. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം.
ഭാര്യയുമായുള്ള നിരന്തര വഴക്കിനെ തുടർന്ന് 2021 ജൂൺ 25-ന് അൻസാരി എലിവിഷം (റാറ്റോൾ) ഐസ്‌ക്രീമിൽ കലർത്തി തന്റെ മൂന്ന് മക്കൾക്കും നൽകി. കടുത്ത വയറുവേദനയെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസത്തിനുശേഷം ഒരാൾ മരണപ്പെട്ടു. മറ്റ് രണ്ട് കുട്ടികളെ രക്ഷിക്കാനായി. സംഭവത്തിൽ പൊലിസ് കേസെടുത്തുവെങ്കിലും, മരണപ്പെട്ട കുട്ടിയുടെ അമ്മയും കൂടിയായ ഭാര്യ ഭർത്താവിനെതിരെ മൊഴി നൽകാൻ തയ്യാറായില്ല. മകന്റെ മരണം വിഷം ഉള്ളിൽ ചെന്നല്ലെന്നും അവർ വാദിച്ചു.
കൂടാതെ, അൻസാരിയുടെ മകൾ കോടതിയിൽ നൽകിയ മൊഴിയും കേസിൽ വഴിത്തിരിവായി. അമ്മ നൽകിയ പണം കൊണ്ട് ജെല്ലി മിഠായി വാങ്ങി കഴിച്ചെന്നും, കളിച്ചുകൊണ്ടിരിക്കെയാണ് വയറുവേദന അനുഭവപ്പെട്ടതെന്നുമാണ് മകൾ മൊഴി നൽകിയത്. പിതാവ് ഐസ്‌ക്രീം വാങ്ങി നൽകിയിട്ടില്ലെന്നും, സംഭവസമയത്ത് പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും മകൾ കോടതിയെ അറിയിച്ചു. ഇതോടെയാണ് പ്രോസിക്യൂഷൻ കേസ് ദുർബലമായത്.
മെഡിക്കൽ പരിശോധനകളിലെ വീഴ്ചയും കേസ് ദുർബലമാകാൻ മറ്റൊരു കാരണമായി കോടതി ചൂണ്ടിക്കാട്ടി. വിഷബാധ സ്ഥിരീകരിക്കുന്നതിൽ നിർണ്ണായകമായ 'ഗാസ്ട്രിക് ലാവേജ്' സാമ്പിൾ ശേഖരിച്ചില്ലെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ കോടതിയിൽ വ്യക്തമാക്കി. ഇതോടെ, കുട്ടി റാറ്റോൾ വിഷബാധ മൂലമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനായില്ല. സാക്ഷികളോ, വിശ്വസനീയമായ തെളിവുകളോ, കൃത്യമായ മെഡിക്കൽ രേഖകളോ ഇല്ലാതെ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി കുട്ടിയുടെ പിതാവിനെ വെറുതെവിട്ട് ഉത്തരവിട്ടത്.
a mumbai court acquitted a father, muhammad ali naushad ali ansari, who was accused of poisoning his son with rat poison mixed in ice cream. ansari, who spent four years in jail, was released due to a lack of evidence, as the prosecution failed to prove his guilt. the court noted inconsistencies in medical records and witness statements, including the mother and daughter's denial that the father was involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."