രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിൽ അതിജീവിതയുടെ ചിത്രവും മറ്റ് വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശി മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് പിടിയിലായത്.
അതിജീവിതയുടെ വിവരങ്ങൾ ഇവരുടെ അറിവും സമ്മതവും ഇല്ലാതെ പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചതായി പൊലിസ് കണ്ടെത്തി. പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പൊലിസ് പിടിച്ചെടുത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പുതിയ പരാതിയുമായി ബംഗളൂരുവിൽ താമസിക്കുന്ന 23കാരി രംഗത്തെത്തി. മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്ക് പെൺകുട്ടി പരാതി അയച്ചിട്ടുണ്ട്.വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്നും ഗർഭിണിയാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചതായും ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങിയെന്നും അവർ ആരോപിക്കുന്നു.
രാഹുൽ വിവാഹം വാഗ്ദാനം നൽകിയതിന് പിന്നാലെ പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. എന്നാൽ വീട്ടുകാർ സമ്മതിച്ചല്ല. പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആയതിന് പിന്നാലെ കുടുംബം ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ബന്ധുക്കളുമായി വീട്ടിലെത്താം എന്ന് പറഞ്ഞെങ്കിലും രാഹുൽ അതിൽ നിന്ന് പിന്മാറി. നിലവിൽ രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിക്ക് സമാനമായ പരാതിയാണ് ഇതിലും ഉന്നയിച്ചിരിക്കുന്നത്. 2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.
അതിനിടെ തനിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ന് ഉച്ചയ്ക്ക് 12.47നാണ് പരാതി ലഭിച്ചതെന്നും അപ്പോൾ തന്നെ ഡിജിപിക്ക് കൈമാറിയെന്നും വർക്കിങ് പ്രസിഡന്റ് അനിൽ കുമാർ പ്രതികരിച്ചു. നിയമം നിയമപരമായി തന്നെ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
a congress worker was arrested for posting the victims photo and details online in rahul mankoottil’s case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."