സഹകരണ ബാങ്കിലെ അഴിമതി
സഹകാരികള്‍ക്ക് സ്ഥാനം പോകാന്‍ സാധ്യത
സഹകാരികള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധീനതയിലുള്ള ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ ഭരണസമിതികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പ്രൊഫ. കെ.പി തോമസ്, കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.കെ ഗോപിനാഥന്‍ എന്നിവരുടെ സ്ഥാനം പോകാന്‍ സാധ്യത.
കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും ഡി.സി.സി മുന്‍ പ്രസിഡന്റുമാണ് തോമസ്. ഗോപിനാഥന്‍ ഡി.സി.സി മുന്‍ ട്രഷററും. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ഇരുവര്‍ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റി ഗ്രൂപ്പ് വ്യത്യാസമില്ലാതെ രംഗത്തെത്തിയിരിക്കുകയാണ്.
തോമസിനെയും ഗോപിനാഥനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തിന്റേത്. ഇവര്‍ക്കുപിന്നില്‍ ബത്തേരിയിലും പുറത്തുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും നിലയുറപ്പിച്ചിട്ടുണ്ട്.
തോമസിനെ പാര്‍ട്ടിയില്‍നിന്നു നീക്കണമെന്ന ആവശ്യവുമായി ഇന്നലെ അര്‍ബന്‍ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി.
ഗോപിനാഥനെതിരേ നടപടി തേടി 21ന് കാര്‍ഷിക ഗ്രാമവികസന ബാങ്കിന് മുന്നിലും ഇവര്‍ സമരത്തിനൊരുങ്ങുകയാണ്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളിലും 2012 മുതല്‍ നടന്ന നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നുവെന്നാണ് ആരോപണം.
ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ബന്ധമുള്ള സഹകാരികളുടെ നിരവധി പരാതികള്‍ കെ.പി.സി.സിക്ക് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ മര്യാപുരം ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.
വയനാട്ടില്‍ തെളിവെടുപ്പ് നടത്തിയ ശ്രീകുമാര്‍ കെ.പി.സി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്കുകളില്‍ നടന്ന നിയമനങ്ങള്‍ സുതാര്യമല്ലെന്നും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തില്‍ ബാങ്ക് സാരഥികള്‍ക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുകയും ചെയ്തു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം മറുപടി ഇല്ലെന്ന നിഗമനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് ഓഗസ്റ്റ് 23 കെ.പി.സി.സി ഓഫിസില്‍നിന്നു അയച്ച നോട്ടീസുകളില്‍ വ്യക്തമാക്കിയിരുന്നത്.
നോട്ടീസിനു ഗോപിനാഥന്‍ സമയബന്ധിതമായി മറുപടി നല്‍കിയെങ്കിലും തോമസ്, വക്കീല്‍ നോട്ടീസ് അയക്കുമെന്ന് പ്രസ്താവന നടത്തി കെ.പി.സി.സിയെ വെല്ലുവിളിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് തോമസിനും ഗോപിനാഥനുമെതിരേ തിരിഞ്ഞത്. അര്‍ബന്‍ ബാങ്കില്‍ വിവിധ തസ്തികകളില്‍ 2007നും 2012നും ഇടയില്‍ എട്ടും 2012നും 2016നും ഇടയില്‍ 22ഉം നിയമനങ്ങളാണ് നടന്നത്.
2012ല്‍ നിലവില്‍ വന്നതിനുശേഷം കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 28 നിയമനങ്ങള്‍ നടന്നു. സഹകാരികളുടെ പരാതികളില്‍ സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് ബാങ്കുകളിലെയും നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയെങ്കിലും ഭരണസമിതികള്‍ക്കെതിരേ നടപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് സഹകാരികള്‍ കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."