ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
കോഴിക്കോട്: ലൈംഗീകാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടം എം.എല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ എല്ലാവരിലും ശ്രദ്ധ പോയത് ഇന്നത്തെ ദിവസത്തിലേക്കായിരുന്നു. ഡിസംബര്‍ 4. ഈ ദിവസം പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ അത്ര പെട്ടന്ന് മറക്കാനിടയില്ല. 2024 ഡിസംബര്‍ നാലിനാണ് നിയമസഭയിലെ ശങ്കരന്‍നാരായണന്‍ തമ്പി ഹാളില്‍വച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ പാലക്കാട് എം.എല്‍.എയായി രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം ഒരു വര്‍ഷം ഇന്ന് 2025 ഡിസംബര്‍ 4 ന് കോണ്‍ഗ്രസിന് രാഹുലിനെ പുറത്താക്കേണ്ടി വന്നു.
മാസങ്ങളോളം നീണ്ടുനിന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താകുന്നത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു എം.എല്‍.എയെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വവും നഷ്ടമായ രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
സ്വയം ഒഴിയാന്‍ തയാറായില്ലെങ്കില്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കുമെന്നാണ് സൂചന. സ്വയം രാജിവെച്ചില്ലെങ്കില്‍ ഇദ്ദേഹത്തെ അയോഗ്യനാക്കുന്നതടക്കം തീരുമാനത്തിലേക്ക് പോകാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടാകും.
പാലക്കാട് എം.എല്‍.എയായിരുന്ന ഷാഫി പറമ്പില്‍ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് പാലക്കാട് സീറ്റില്‍ ഒഴിവുവന്നത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ഇവിടെ ശക്തമായ ത്രികോണ മത്സരമാണുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട പി സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ കാഴ്ച്ച നാം കണ്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറാണ് മത്സരിച്ചത്. പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ്. നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അന്ന് രാഹുലിന് ലഭിച്ചത്. 2016-ല്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടിന്റെ റെക്കോര്‍ഡ് മറികടന്നു. ആകെ പോള്‍ ചെയ്ത 1.38 ലക്ഷം വോട്ടില്‍ 58,389 വോട്ട് നേടിയ രാഹുല്‍ 18,840 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2024 നവംബര്‍ 23 ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചു. പിന്നീട് 2024 ഡിസംബര്‍ നാലിന് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടേയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു.എ.ഐ.സി.സിയുടെ അനുമതിയോടെയാണ് പുറത്താക്കലെന്നും സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് എതിരേ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം രാത്രി തന്നെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടിയിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് നടപടിയിലൂടെ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ കെ.പി.സി.സി നേതൃത്വത്തിലെ ഗ്രൂപ്പ് താല്‍പര്യങ്ങളും നടപടി നീളാന്‍ കാരണമായിട്ടുണ്ട്.
ഉചിതമായ സമയത്ത് നടപടി എന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ പ്രതികരിച്ചത്. ഇതിനിടെ, രാഹുലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ വരെ രംഗത്തെത്തിയിരുന്നു. ജാമ്യ ഹരജിയില്‍ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയില്‍ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും നല്‍കിയത്. രാഹുലിനെതിരേ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്. രാഹുലിനെതിരേയുള്ള പരാതികള്‍ ഗൗരവതരമാണെന്ന അന്തിമ തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയിട്ടുണ്ടെന്നും ഇനിയും പാര്‍ട്ടിയില്‍ വച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ ആകില്ലെന്നുമാണ് കെ.പി.സി.സി നേതൃത്വം ദേശീയനേതൃത്വത്തെ അറിയിച്ചത്.
Exactly one year after taking oath as MLA, Rahul Mangoottil has been expelled from the Congress following sexual assault allegations and rejection of his bail plea. The party acted to protect its image, with further action possible if he refuses to resign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."