മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. മച്ചിങ്ങൽ ചെന്നത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന ബജറ്റ് കാർ ആക്‌സസറീസ് സ്ഥാപനത്തിന്റെ സ്‌പെയർപാട്‌സ് ഗോഡൗണിലാണ് ഇന്ന് ഉച്ചക്ക് 2.30ഓടെ തീപിടിച്ചത്.

രണ്ട് നിലകളിലായി തകര ഷീറ്റും കമ്പികളും കൊണ്ട് നിർമിച്ച ഷെഡിന്റെ ഒരു വശത്ത് നിന്നും പെട്ടെന്ന് തീപടരുകയായിരുന്നു. സംഭവസമയം ഷെഡിനുള്ളിൽ ഒരു തൊഴിലാളി മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ടതോടെ ഇയാൾ പുറത്തേക്ക് ഓടി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. രണ്ട് ഇൻഡസ്ട്രിയൽ ജോലിക്കാരും ഈ സമയം സ്ഥാപനത്തിലുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത പുതിയ സ്‌പെയർപാർട്‌സുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം സെക്കൻഹാൻഡ് പാർട്‌സുകളുമുണ്ടായിരുന്നു.

ടയർ, ഹെഡ് ലൈറ്റ്, ബോഡി പാർട്‌സ് ഉൾപ്പെടെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു.കെട്ടിടം പൂർണമായും ഉപയോഗശൂന്യമായി. കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന് തൊട്ടടുത്ത് തന്നെ വീടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവിടങ്ങളിലേക്ക് തീപിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായി.ഇടക്ക് മഴയെത്തിയതും തുണയായി.

മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും നാല് അഗ്നിരക്ഷാ സേനാ യൂനിറ്റുകളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 6.20 ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായണ് കണക്കുകൂട്ടൽ.
ജില്ലാ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ടി.അനൂപ്, സ്റ്റേഷൻ ഓഫിസർ ഇ.കെ അബ്ദുൽ സലീം എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം അഗ്നിരക്ഷാസേനാംഗങ്ങൾ ദൗത്യത്തിൽ പങ്കാളികളായി. ആവശ്യമായ വെള്ളം എത്തിച്ച് നൽകി സ്വകാര്യ വാട്ടർ സർവീസ് വാഹനങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും തീയണക്കാൻ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."