മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിയുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി
കൊച്ചി: മൈക്രോഫിനാന്‍സ് പദ്ധതിക്കെതിരായ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനില്‍നിന്നു അനുവദിച്ച വായ്പ വിതരണം ചെയ്തതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ എസ്.എന്‍.ഡി.പി യോഗം നടപ്പാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താതെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടുള്ളത്.
2003 മുതല്‍ 2014 വരെയുള്ള കാലയളവിലായി 15.85 കോടി രൂപ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍നിന്നു മൈക്രോക്രെഡിറ്റ് ഫിനാന്‍സിങ് സ്‌കീം പ്രകാരം വായ്പയായി നേടിയ മുഴുവന്‍ തുകയും വിതരണം ചെയ്തില്ലെന്നും പകരം തുക വിതരണം ചെയ്തതായി രേഖയുണ്ടാക്കി ക്രമക്കേട് കാട്ടിയെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
എന്നാല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ കീഴിലുള്ള യൂനിയനുകളുടെ തലത്തിലാണ് വായ്പകളുടെ ശുപാര്‍ശകളടക്കമുള്ളവ കൈകാര്യം ചെയ്യുന്നത്.
ചെക്കുകള്‍ അതാത് ഉപയോക്താക്കള്‍ക്ക് കൈമാറുന്നതും യൂനിയനുകളാണ്. ഇത്തരം വായ്പകളുടെ തിരിച്ചടവും ക്രമം തെറ്റാതെ നടക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതാക്കളെ എതിര്‍ക്കുന്നതിനായി രൂപം നല്‍കിയ ശ്രീനാരായണ ധര്‍മവേദിയുടെ നേതാവായ ബിജുരമേശാണ് കേസിലെ സാക്ഷി.
താനുള്‍പ്പെടെയുള്ള നേതാക്കളോടു വ്യക്തിപരമായ വൈരാഗ്യം നിമിത്തമാണ് ബിജുരമേശ് ഇത്തരമൊരു കേസില്‍ സാക്ഷി പറയുന്നതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."