പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബത്തിന് ദുബൈ കോടതിയുടെ അന്ത്യശാസനം
ദുബൈ: താമസച്ചെലവ് നൽകാതെ രണ്ട് വർഷമായി ഒരു ഹോട്ടൽ മുറിയിൽ തങ്ങിയ അറബ് കുടുംബത്തിന് എതിരെ ദുബൈ സിവിൽ കോടതിയുടെ ഉത്തരവ്. ഹോട്ടൽ കുടിശ്ശിക ഉടൻ അടച്ചുതീർത്ത് മുറി ഒഴിഞ്ഞുപോവാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഒരു ദമ്പതികളും നാല് കുട്ടികളുമടങ്ങുന്ന ആറംഗ കുടുംബമാണ് 2023 മുതൽ ദുബൈയിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്നത്. ആകെ ബില്ലിന്റെ ഒരു ഭാഗം അടച്ചെങ്കിലും, ബാക്കി തുക 275,000 ദിർഹത്തിന് മുകളിലായി. കുടിശ്ശിക അടയ്ക്കാൻ ഹോട്ടൽ മാനേജ്‌മെന്റ് പലതവണ ആവശ്യപ്പെട്ടിട്ടും കുടുംബം വഴങ്ങാതിരുന്നതോടെ ഹോട്ടൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയുടെ നിർണായക വിധി
കേസ് പരിഗണിച്ച കോടതി, കുടുംബം ഹോട്ടലിന് 155,000 ദിർഹം (ഏകദേശം 34.9 ലക്ഷം ഇന്ത്യൻ രൂപ) കുടിശ്ശികയും ഫീസുകളും ഒക്ടോബർ 1 വരെയുള്ള താമസക്കൂലിയായി നൽകണമെന്ന് ഉത്തരവിട്ടു. പണം പൂർണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ നിയമപരമായ 5 ശതമാനം പലിശയും ദമ്പതികൾ നൽകണം.
ഹോട്ടൽ മാനേജ്മെന്റും തങ്ങളും തമ്മിലുള്ള തർക്കം ഒരു വാടക കരാറുമായി ബന്ധപ്പെട്ടതിനാൽ വാടക തർക്ക പരിഹാര കേന്ദ്രമാണ് കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു കുടുംബത്തിന്റെ വാദം. എന്നാൽ, ഈ വാദം കോടതി തള്ളിക്കളഞ്ഞു. ഈ ബന്ധം താമസത്തിനുള്ള ഹോട്ടൽ ക്രമീകരണം മാത്രമാണെന്നും റെസിഡൻഷ്യൽ ലീസല്ലെന്നും കോടതി വിധിച്ചു. ഹോട്ടൽ മുറിയായി കണക്കാക്കുമ്പോൾ, വാടക കരാറോ യൂട്ടിലിറ്റി ബില്ലുകളോ ഇല്ലാത്തത് കുടുംബത്തിന്റെ വാദത്തെ അസാധുവാക്കി.
കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം, 2023 നവംബർ 5 മുതൽ കുടുംബം മുറിയിൽ താമസിക്കുന്നുണ്ടെന്നും ഹോട്ടൽ വാഗ്ദാനം ചെയ്ത എല്ലാ സേവനങ്ങളും നൽകിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.
മാത്രമല്ല, കുടിശ്ശികയുടെ കൃത്യമായ കണക്കെടുക്കുകയും ചെയ്തു. 2025 ഏപ്രിൽ 11 വരെയുള്ള കാലയളവിൽ 90,412 ദിർഹവും, ഏപ്രിൽ 12 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ 65,425 ദിർഹവുമാണ് കുടിശ്ശികയായി കണ്ടെത്തിയത്. മൊത്തം കുടിശ്ശിക 155,837 ദിർഹം ആണ്. കടം വീട്ടാമെന്ന് കാണിച്ച് ഭർത്താവ് അയച്ച മെസ്സേജുകളും കോടതിയിൽ നിർണായകമായി.
കേസ് രേഖകളും വിദഗ്ദ്ധ റിപ്പോർട്ടുകളും പരിശോധിച്ച ശേഷം, കുടുംബം ഉടൻ തന്നെ മുറി ഒഴിഞ്ഞു കൊടുക്കണമെന്നും, താമസം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന അവസ്ഥയിൽ തന്നെ മുറി തിരികെ നൽകണമെന്നും കോടതി അന്ത്യശാസനം നൽകി. കൂടാതെ, ഒക്ടോബർ 2 മുതൽ കുടിയൊഴിപ്പിക്കൽ തീയതി വരെയുള്ള പ്രതിദിന താമസ ഫീസ് 375 ദിർഹം വീതം നൽകാനും ഉത്തരവിട്ടു.
dubai court delivers final ruling against six-member family who stayed two years in a hotel without paying the bills
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."