മിനാ താഴ്‌വാരം പ്രാര്‍ഥനാമുഖരിതം: അറഫാ സംഗമം നാളെ
മക്ക: അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി 'ലബ്ബൈക്ക' മന്ത്രവുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ തീര്‍ഥാടകലക്ഷങ്ങള്‍ ഇന്ന് തമ്പുകളുടെ നഗരമായ മിനയില്‍. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമാകും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നാളെയാണ്. ഇതിന്റെ മുന്നൊരുക്കമായാണ് (തര്‍വിയത്) ഇന്ന് വിശ്വാസികള്‍ മിനായില്‍ ഒരുമിച്ചു കൂടുന്നത്. മക്കാ ഹറമില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള മിനായിലേക്ക് ഇന്നലെ വൈകിട്ടു മുതല്‍ തുടങ്ങിയ പ്രയാണം ഇന്ന് ഉച്ചവരെ തുടരും.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരില്‍ ഭൂരിഭാഗവും പുലര്‍ച്ചയോടെ മിനായിലെത്തിയെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും എത്തിയ മലയാളി ഹാജിമാരും ഉള്‍പ്പെടും. കനത്ത സുരക്ഷയില്‍ മുതവിഫുമാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സഞ്ചാരാനുമതിയുള്ള ബസുകളിലാണ് ഹാജിമാര്‍ മിനായിലെത്തിയത്. ഗ്രീന്‍ വിഭാഗത്തിലുള്ള ഇന്ത്യന്‍ ഹാജിമാര്‍ ഹറം പരിസരത്തു നിന്നും മറ്റുള്ളവര്‍ അസീസിയയില്‍ നിന്നുമാണ് മിനയിലേക്ക് പുറപ്പെട്ടത്.
ഹാജിമാര്‍ക്കുള്ള ഹജ്ജ് പാസ്, ടെന്റ് നമ്പറുകള്‍, ഭക്ഷണ കൂപ്പണ്‍, ബലി കൂപ്പണ്‍, വഴികളുടെ വിശദീകരണം അടങ്ങുന്ന മാപ്പുകള്‍, മശാഇര്‍ ട്രെയിനിന്റെയും ബസിന്റെയും ടിക്കറ്റുകള്‍ തുടങ്ങിയവയുടെ വിതരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മിനായിലെ ഇന്ത്യന്‍ ഹാജിമാരുടെ തമ്പുകള്‍ തിരിച്ചറിയാന്‍ ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സൗഹൃദ സംഘാംഗങ്ങളായ മൗലാന ആസാദ് ഉറുദു നാഷനല്‍ യൂനിവേഴ്‌സിറ്റി ചാന്‍സര്‍ സഫര്‍ സുരേഷ് വാല, ഗുജ്‌റാത്ത് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദലി ഖാദിരി, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, എം.പിമാര്‍, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ, ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം തുടങ്ങിയവരാണ് ഇന്ത്യന്‍ തീര്‍ഥാടന സംഘത്തെ നയിക്കുന്നത്.
ഇന്ന് മിനായില്‍ അഞ്ചു നേരത്തെ നിസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം രാത്രിയോടെ ഹാജിമാര്‍ അറഫയിലേക്ക് പോകും. പുലര്‍ച്ചയോടെ തന്നെ ഹാജിമാര്‍ അറഫയില്‍ എത്തുംവിധമാണ് സജ്ജീകരണങ്ങള്‍. പ്രത്യേക മശാഇര്‍ ട്രെയിന്‍ സര്‍വിസുകള്‍ വഴിയും ബസിലും കാല്‍നടയായുമാണ് ഹാജിമാര്‍ അറഫയിലേക്ക് പോകുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയെത്തിയ 65,000 ഹാജിമാര്‍ മശാഇര്‍ ട്രെയിന്‍ മാര്‍ഗവും ബാക്കിയുള്ളവര്‍ക്ക് ബസ് മാര്‍ഗവുമാണ് യാത്ര സജ്ജീകരിച്ചത്.
അറഫാ സംഗമത്തിന്റെ ഭാഗമായി നാളെ ളുഹ്‌റ് നിസ്‌കാരാനന്തരം അറഫയിലെ നമിറാ പള്ളിയില്‍ പ്രവാചകന്റെ അറഫാ പ്രസംഗത്തെ അനുസ്മരിപ്പിച്ച് സഊദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് പ്രഭാഷണം നിര്‍വഹിക്കും.
രോഗികളായ ഹാജിമാരെ കൊണ്ടുപോകുന്നതിനും പ്രായമുള്ള തീര്‍ഥാടകരെ പരിചരിക്കുന്നതിനും ഹജ്ജ് മിഷന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ അറഫയിലെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. നാളെ സൂര്യാസ്തമയത്തോടെ അറഫയില്‍ നിന്ന് മുസ്ദലിഫയെ ലക്ഷ്യമാക്കി ഹാജിമാര്‍ മടക്കം ആരംഭിക്കും.
മുസ്ദലിഫയില്‍ രാപാര്‍ത്ത ശേഷം പെരുന്നാള്‍ ദിവസം പുലര്‍ച്ചെ ജംറത്തുല്‍ അഖബയില്‍ കല്ലെറിയും. മൂന്നു ജംറകളില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ഹാജിമാര്‍ ശേഖരിക്കുന്നത് മുസ്്ദലിഫയില്‍ നിന്നാണ്.
75,000ത്തോളം തമ്പുകളാണ് മിനായില്‍ ഒരുക്കിയിട്ടുള്ളത്. മുക്കാല്‍ ലക്ഷം വരുന്ന സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. മക്കയിലും അറഫയിലും 39 ഡിഗ്രിയാണ് ഇന്നലത്തെ താപനില. സൂര്യാഘാതവും മറ്റു അടിയന്തര പ്രശ്‌നങ്ങളും നേരിടാന്‍ ആരോഗ്യമന്ത്രാലയം എയര്‍ ആംബുലന്‍സ് അടക്കം നൂറുകണക്കിന് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.
അറഫ-മുസ്ദലിഫ യാത്രക്കുള്ള മശാഇര്‍ ട്രെയിന്‍ സ്റ്റേഷനുകളിലെയും സംവിധാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."