ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ
തൃശൂർ: പേരാമംഗലത്ത് ബൈക്ക് യാത്രയ്ക്കിടെ ഹോൺ അടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനും മകനുമടക്കം മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മുണ്ടൂരിലെ ഒരു പച്ചക്കറിക്കടയിലെ ജീവനക്കാരനും കേച്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ കൃഷ്ണ കിഷോർ ആണ് പേരാമംഗലം പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൈപ്പറമ്പ് ഗ്രൗണ്ടിൽ ബാഡ്മിന്റൺ കളിച്ച് തിരികെ വരികയായിരുന്ന പേരാമംഗലം സ്വദേശി ബിനീഷ്, മകൻ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.
ഹോൺ മുഴങ്ങിയത് തർക്കമായി
പരിക്കേറ്റ മൂവരും രണ്ട് സ്കൂട്ടറുകളിലായാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ വരുന്ന വഴിയിൽ പ്രതി കൃഷ്ണ കിഷോർ തന്റെ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ സമയം അഭിജിത്ത് ഹോൺ മുഴക്കിയതാണ് തർക്കത്തിന് തുടക്കമിട്ടത്.
തൊട്ടുപിന്നാലെ മറ്റൊരു സ്കൂട്ടറിലെത്തിയ ബിനീഷും മകൻ അഭിനവും തർക്കത്തിൽ ഇടപെട്ടു. ഇതോടെ പ്രകോപിതനായ കൃഷ്ണ കിഷോർ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് മൂന്നുപേരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമം
കത്തിക്കുത്തിനുശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് കാറിൽ വാളയാർ ചെക്ക് പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.പേരാമംഗലം പൊലിസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു എന്ന് മനസ്സിലാക്കിയ കൃഷ്ണ കിഷോർ, ഒടുവിൽ സ്വമേധയാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.പരിക്കേറ്റ മൂന്നുപേർക്കും സാരമായ പരിക്കുകളുണ്ട്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."