അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും
മലപ്പുറം: വോട്ടിന് മഷി പുരട്ടുമ്പോൾ റേഷൻ കടയിൽ വിരലടയാളം പതിപ്പിക്കുന്നവരെ മറക്കല്ലേ.. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ ഇത്തവണ മത്സരത്തിനിറങ്ങിയത് 200 ഓളം റേഷൻ വ്യാപാരികൾ.
മാസത്തിലൊരിക്കൽ തന്റെ പരിധിയിലെ ഓരോ കുടുംബത്തിലെയും ഒരാളുടെയെങ്കിലും വിരൽ ഇ-പോസ് മെഷിനിൽ പതിപ്പിക്കുന്നവരാണ് വോട്ടിങ് മെഷിനിൽ തന്റെ പേരിന് നേരെ വോട്ട് പതിപ്പിക്കാനായി നെട്ടോട്ടമോടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ റേഷൻ വ്യാപാരികൾക്കും ഇത്തവണ മുന്തിയ പരിഗണനയാണ് മുന്നണികൾ നൽകിയിരിക്കുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളായി ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലേക്കെല്ലാം റേഷൻ വ്യാപാരികൾ മത്സരിക്കുന്നുണ്ട്. റേഷൻ വാങ്ങാനെത്തുന്നതിലൂടെ ഓരോ കുടുംബത്തിലേയും അംഗങ്ങളെ പരിചയമുണ്ടെന്നതും വോട്ടർമാരുമായി പതിവ് സമ്പർക്കമുണ്ടാക്കാൻ കഴിയുമെന്നതും മത്സര രംഗത്ത് ഇവർക്ക് മുതൽക്കൂട്ടാണ്.
മലപ്പുറം, തിരുവന്തപുരം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ റേഷൻ വ്യാപാരികൾ സ്ഥാനാർഥികളായുള്ളത്. ഇവരിൽ പകുതിയിലേറെയും യു.ഡി.എഫ് സ്ഥാനാർഥികളാണ്. റേഷൻ വ്യാപാരിയായ പാലക്കാട് ചളവറ പഞ്ചായത്ത് 14-ാം വാർഡ് വേമ്പലത്ത്പാടം യു.ഡി.എഫ് സ്ഥാനാർഥി പി. വിശ്വനാഥൻ ഇത് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. 13-ാം വാർഡ് കയിലാട് സിറ്റിങ് അംഗമായ വിശ്വനാഥൻ ഇത്തവണയും വിജയ പ്രതീക്ഷയിലാണ്.
റേഷൻ വ്യാപാരികൾ നേരത്തേയും മത്സരിച്ചിരുന്നെങ്കിലും കൂടുതൽ പേർ പോരാട്ടത്തിനിറങ്ങുന്നത് ഇത്തവണയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കാടാമ്പുഴ മൂസ ഹാജി പറഞ്ഞു. 2000ൽ മാറാക്കര പഞ്ചായത്തിലേക്ക് മൂസ ഹാജി മത്സരിച്ച് വിജയിച്ചിരുന്നു.
റേഷൻ വ്യാപാരികൾക്ക് എല്ലാ കുടുംബങ്ങളുമായും അടുത്ത ബന്ധമുണ്ടാകുമെന്നത് തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ സഹായിക്കുമെന്ന് മുന്നണികൾക്ക് ബോധ്യമുള്ളതിലാണ് കൂടുതൽ പേരെ മത്സരത്തിനിറക്കിയതെന്ന് ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അലി പറഞ്ഞു.
around 200 ration shop owners contested in this local body election in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."