2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ
ഈ കഴിഞ്ഞ വർഷം യുഎഇ സമൂഹത്തെ ആകെ പിടിച്ചുകുലുക്കിയ ദുരന്തങ്ങളുടെയും ഞെട്ടലുകളുടെയും പരമ്പരയാണ് നാം കണ്ടത്. ഹൃദയഭേദകമായ നിരവധി സംഭവങ്ങൾ രാജ്യത്തെ ദുഃഖത്തിലാഴ്ത്തി. ഖോർ ഫക്കാനിലും ദുബൈയിലുമുണ്ടായ മാരകമായ വാഹനാപകടങ്ങൾ, അബൂദബിയിലും ദുബൈയിലുമായി യുവ ഇന്ത്യൻ പ്രവാസികളുടെ പെട്ടെന്നുള്ള വേർപാടുകൾ, കറാമയിലെയും റാസൽഖൈമയിലെയും ഞെട്ടിക്കുന്ന കൊലപാതകങ്ങൾ – വാർത്താമുറികളിൽ നിറയെ ദുഃഖം തളംകെട്ടിയ വാർത്തകളായിരുന്നു.
ദുബൈ മറീനയിലെ വൻ തീപിടുത്തത്തിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചത് ആശങ്കയുയർത്തിയിരുന്നു. അതേസമയം, ഫുജൈറയിലും റാസൽഖൈമയിലും സംഭവിച്ച ഹൃദയഭേദകമായ അപകടങ്ങളിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായി. അധികൃതർ അന്വേഷണങ്ങൾ ഊർജിതമാക്കുമ്പോൾ, രാജ്യത്തെ പിടിച്ചുകുലുക്കിയ ഈ നഷ്ടങ്ങളുടെ വേദനയിലാണ് കുടുംബങ്ങൾ.
1. ഖോർ ഫക്കാനിലെ കാർ അപകടം; അച്ഛനും കൈക്കുഞ്ഞും മരിച്ചു
ഖോർ ഫക്കാനിൽനിന്ന് റിപ്പോർട്ട് ചെയ്ത ദാരുണമായ വാഹനാപകടം സമൂഹമനസ്സാക്ഷിയെ ഉലച്ചു. അമിതവേഗതയിലെത്തിയ ഒരു വാഹനം നിയന്ത്രണം വിട്ട് മീഡിയൻ മുറിച്ച് കടന്ന് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 41 വയസ്സുകാരനായ ഇമാറാത്തി പിതാവും, അദ്ദേഹത്തിന്റെ ഏഴ് മാസം മാത്രം പ്രായമുള്ള മകനുമാണ് സംഭവസ്ഥലത്ത് വെച്ച് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റേ വാഹനത്തിന്റെ ഡ്രൈവർക്ക് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് അടിയന്തര രക്ഷാസംഘങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
2. ഭാര്യയേയും മകനേയും യാത്രയാക്കിയതിനു തൊട്ടുപിന്നാലെ ഇന്ത്യൻ പ്രവാസി എഞ്ചിനീയർക്ക് ദാരുണാന്ത്യം
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി മണിക്കൂറുകൾക്കകം 37 വയസ്സുകാരനായ ഹരിരാജ് സുദേവന് ഹൃദയാഘാതം സംഭവിച്ചു. മകന്റെ ജന്മദിനം ആഘോഷിക്കാൻ പദ്ധതിയിട്ടിരിക്കെയാണ് യുവാവിന്റെ അപ്രതീക്ഷിത വിയോഗം. സംഭവം ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
3. ദുബൈ മറീന തീപിടുത്തം
ദുബൈ മറീനയിലെ ടവറിൽ തീപിടുത്തമുണ്ടായിട്ടും പല താമസക്കാരും സംഭവം ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ, ദുബൈ സിവിൽ ഡിഫൻസ് ഉണർന്നു പ്രവർത്തിച്ചു. 3,820 താമസക്കാരെയാണ് അധികൃതർ സുരക്ഷിതമായി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത്. അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടൽ തീ നിയന്ത്രണവിധേയമാക്കി. തീ അണച്ച ശേഷമുള്ള കൂളിംഗ് പ്രവർത്തനങ്ങൾ കാരണം പരിസരത്ത് ഏറെ നേരം പുക നിന്നു.
4. കറാമ കൊലപാതകം: കേരളത്തിൽ നിന്നുള്ള യുവതി കുത്തേറ്റു മരിച്ചു
ദുബൈ കറാമയിലെ അപ്പാർട്ട്‌മെന്റിൽ 26 വയസ്സുള്ള ആനിമോൾ ഗിൽഡയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രവാസികളെ ഞെട്ടിച്ചു. യുവതിയുടെ സുഹൃത്തായ പ്രതിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ പൊലിസ് അതിവേഗം അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോയി.
5. സഹോദരനു പിന്നാലെ 11 വർഷത്തിനുശേഷം യുവാവും അപകടത്തിൽ മരണപ്പെട്ടു
11 വർഷം മുമ്പ് വാഹനാപകടത്തിൽ ഏക സഹോദരനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ കഴിയുകയായിരുന്ന 29 വയസ്സുകാരൻ അമർ ഹെഷാം ദുബൈയിൽ മറ്റൊരു വാഹനാപകടത്തിൽ മരിച്ചു. ദുഃഖം താങ്ങാനാവാതെ വന്നതിനെ തുടർന്ന് മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അമറിനെ ദയാലുവായ വ്യക്തിത്വമായാണ് സമൂഹം ഓർക്കുന്നത്.
6. അബൂദബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
അബൂദബിയിൽ സ്വന്തം കിടപ്പുമുറിയിലെ ജനാലയിൽ നിന്ന് വീണ് 17 വയസ്സുള്ള അലക്സ് ബിനോയ് മരണപ്പെട്ടു. ഉടൻ തന്നെ വൈദ്യസഹായം നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യയിലെ കോളേജിൽ താൽക്കാലിക പ്രവേശനം നേടി സിബിഎസ്ഇ പരീക്ഷാ ഫലങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു വിദ്യാർത്ഥി.
7. ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷത്തിനിടെയാണ് യുഎഇ ഗോൾഡൻ വിസ വിദ്യാർത്ഥിയായ 18 വയസ്സുകാരൻ വൈഷ്ണവ് കൃഷ്ണകുമാർ കുഴഞ്ഞുവീണ് മരിച്ചത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്ന വൈഷ്ണവ്, സിബിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയിരുന്നു. സഹപാഠികൾക്ക് പ്രചോദനമായിരുന്നു ഈ മിടുക്കൻ.
8. റാസൽഖൈമ വെടിവയ്പ്പ്: പാർക്കിംഗ് തർക്കത്തിൽ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം
റാസൽഖൈമയിൽ നടന്ന വെടിവയ്പ്പ് പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു. പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് 66 വയസ്സുള്ള അമ്മയുടെയും 36-ഉം 38-ഉം വയസ്സുള്ള രണ്ട് പെൺമക്കളുടെയും മരണത്തിൽ കലാശിച്ചത്. മറ്റൊരു മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 55 വയസ്സുള്ള പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
9. ഫുജൈറയിൽ സ്വകാര്യ പൂളിൽ മുങ്ങി രണ്ട് വയസ്സുകാരൻ മരിച്ചു
ദിബ്ബ അൽ-ഫുജൈറയിലെ ഒരു സ്വകാര്യ ഫാമിലെ നീന്തൽക്കുളത്തിൽ വാരാന്ത്യ കുടുംബസംഗമത്തിനിടെയാണ് രണ്ട് വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
10. റാസൽ ഖൈമയിൽ വീടിനുള്ളിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
മാതാപിതാക്കൾ തിരക്കിലായിരുന്ന സമയത്ത് വീടിന്റെ അടുക്കളയിലെ ബക്കറ്റിൽ മുങ്ങി രണ്ട് വയസ്സുള്ള അബ്ദുള്ള മുഹമ്മദ് മരണപ്പെട്ടു. വീട്ടിലെ കുട്ടികളുടെ സുരക്ഷയുടെ പ്രാധാന്യം ഈ ദാരുണമായ അപകടത്തിന് ശേഷം അധികൃതർ വീണ്ടും ഊന്നിപ്പറഞ്ഞു.
a detailed look at the most devastating tragedies that struck the uae in 2025, shaking communities, claiming lives, and leaving the nation united in grief and resilience throughout a difficult year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."