ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും
അബൂദബി: ലോകമെമ്പാടുമുള്ള കാൽപ്പന്തു പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട്, ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ആഴ്ച അബൂദബിയിലേക്കെത്തുന്നതായി റിപ്പോർട്ട്. ഈ മാസം 10-ന് അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അൽ നസർ, യുഎഇ ടീമായ അൽ വഹ്ദ എഫ്‌സിയെ നേരിടും.
യുഎഇ സമയം വൈകുന്നേരം 7:30-നാണ് മത്സരം തുടങ്ങുകയെന്ന് എന്ന് അൽ വഹ്ദ എഫ്‌സി ഔദ്യോഗികമായി അറിയിച്ചു.
താരത്തിളക്കത്തിൽ അബൂദബി
സഊദി പ്രോ ലീഗ് ടീമായ അൽ നസറിനായി കളിക്കുന്ന റൊണാൾഡോയുടെ വരവ് യുഎഇയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. അൽ നസറിന്റെ പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് റോണോ യുഎഇയിലേക്ക് എത്തുന്നത്. റൊണാൾഡോയ്‌ക്കൊപ്പം സഹതാരങ്ങളായ സാഡിയോ മാനെ, ജോവോ ഫെലിക്സ് എന്നിവരും ഉണ്ടാകും.
സഊദി സൂപ്പർ കപ്പിനായി 2024 ഏപ്രിലിലാണ് റൊണാൾഡോ ഇതിന് മുൻപ് അബൂദബി സന്ദർശിച്ചത്. അതേ വർഷം ആദ്യം എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അൽ ഐൻ എഫ്‌സിക്കെതിരെയും അദ്ദേഹം കളിച്ചിരുന്നു.
നിലവിൽ സഊദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. യുഎഇ പ്രോ ലീഗിൽ അൽ വഹ്ദ രണ്ടാം സ്ഥാനത്തും ശക്തമായ പ്രകടനം കാഴ്ചവെക്കുന്നു. ഇരു ലീഗുകളിലും സീസൺ മധ്യത്തിലെ ഇടവേള ലഭിക്കുമ്പോൾ നടക്കുന്ന ഈ സൗഹൃദ മത്സരം, വരാനിരിക്കുന്ന ആഭ്യന്തര, അന്തർദേശീയ മത്സരങ്ങൾക്കായി ഫോം നിലനിർത്താൻ അൽ നസറിന് സഹായകമാകും.
ദുഷാൻ ടാഡിചാകും അൽ വഹ്ദയെ നയിക്കുക. ഡയറ, അർനൗ പ്രദാസ് തുടങ്ങിയ യുവ കളിക്കാരാണ് ടീമിന്റെ കരുത്ത്.
വിരമിക്കൽ സൂചന നൽകി റൊണാൾഡോ
മത്സരത്തിന് മുന്നോടിയായി വിരമിക്കൽ സംബന്ധിച്ച് റൊണാൾഡോ നടത്തിയ പ്രസ്താവനകളും ശ്രദ്ധേയമാണ്. 2026 ലോകകപ്പ് തീർച്ചയായും തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ക്ലബ്ബ് ഫുട്ബോളും നിർത്തുമെന്ന സൂചനയും താരം നൽകി. താരനിബിഡമായ സൗഹൃദ മത്സരത്തിനുള്ള ടിക്കറ്റുകൾ നിലവിൽ പ്ലാറ്റിനം ലിസ്റ്റ് വഴി ഓൺലൈനായി ലഭ്യമാണ്.
abu dhabi is set for a spectacular moment as ronaldo arrives at al nahyan stadium, drawing massive excitement and fans across the uae for an unforgettable sporting event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."