ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം
ബർമിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ ഞെട്ടിച്ച്, ലീഗ് ടോപ്പേഴ്സായ ആഴ്സണലിന് എതിരെ ആസ്റ്റൺ വില്ലക്ക് അവിശ്വസനീയമായ 2-1ൻ്റെ അട്ടിമറി വിജയം. 90 മിനിറ്റിലധികം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ, ഇഞ്ചുറി ടൈമിൽ കണ്ടെത്തിയ ഗോളിനാണ് വില്ല അഞ്ച് തുടർച്ചയായ വിജയങ്ങൾ പ്രീമിയർ ലീഗിൽ പൂർത്തിയാക്കിയത്.
ലീഗിൽ വിജയ കുതിപ്പ് തുടർന്നിരുന്ന ആഴ്സണലിന് ഈ തോൽവി വലിയ തിരിച്ചടിയാണ്. നിലവിൽ 33 പോയിന്റോടെ ഒന്നാം സ്ഥാനത്താണെങ്കിലും, ഈ തോൽവി ടൈറ്റിൽ പോരാട്ടം കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റിയിരിക്കുകയാണ്.
ആസ്റ്റൺ വില്ലയുടെ ആക്രമണാത്മക ശൈലിയിലുള്ള കളിയായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. 36-ാം മിനിറ്റിൽ ലഭിച്ച അവസരം വില്ല മുതലാക്കി. പൗ ടോറസിൻ്റെ ക്രോസ് ജൂറിയൻ ടിംബറിൽ തട്ടിത്തെറിച്ച് മാറ്റി കാഷിന് (Matty Cash) ലഭിച്ചു. ഡേവിഡ് റായയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് കാഷ് വില്ലയ്ക്ക് ലീഡ് നൽകി. ബുകായോ സാക്ക ഒഴികെ ആഴ്സണൽ താരങ്ങൾ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു ആദ്യ പകുതിയിൽ, ഹാഫ് ടൈമിൽ പരിശീലകൻ മൈക്കൽ ആർട്ടെറ്റ ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ നടത്തി. ലിയാൻഡ്രോ ട്രോസാർഡ്, വിക്ടർ ഗ്യോക്കറസ് എന്നിവർ കളത്തിലിറങ്ങി.
രണ്ടാം പകുതിയിൽ ആർട്ടെറ്റയുടെ മാറ്റങ്ങൾ ഫലം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആഴ്സണൽ തിരിച്ചടിച്ചു. 51-ാം മിനിറ്റിൽ സാക്കയും മാർട്ടിൻ ഓഡെഗോർഡും നടത്തിയ നീക്കത്തിനൊടുവിൽ, സാക്കയുടെ ഷോട്ട്-ക്രോസ് എമിലിയാനോ മാർട്ടിനസ് തട്ടിയകറ്റി. എന്നാൽ, പന്ത് കൃത്യമായി ലിയാൻഡ്രോ ട്രോസാർഡിന്റെ മുന്നിലേക്കെത്തി. വലയിലേക്ക് പന്ത് തട്ടിയിട്ട് ട്രോസാർഡ് 1-1ന് സമനില നേടി. ഇത് അദ്ദേഹത്തിൻ്റെ പ്രീമിയർ ലീഗിലെ 50-ാം ഗോളും, പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷമുള്ള മൂന്നാമത്തെ തുടർച്ചയായ ഗോളുമായിരുന്നു.
സമനില ഗോളിന് ശേഷം വില്ല വീണ്ടും ആഞ്ഞടിച്ചു. ഓല്ലി വാറ്റ്കിൻസിന് ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ ഡേവിഡ് റായയുടെ തകർപ്പൻ സേവുകളിൽ തട്ടിത്തെറിക്കുകയായിരുന്നു.
ഇഞ്ചുറി ടൈം ഡ്രാമ:
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷം. 90+4-ാം മിനിറ്റിൽ, റായയുടെ സേവിന് ശേഷം ഗോൾമുഖത്ത് കൂട്ടപ്പൊരിച്ചിലുണ്ടായി. ആഴ്സണലിന് പന്ത് ക്ലിയർ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ, പകരക്കാരനായി വന്ന എമിബോണ്ടിയ കൃത്യമായി പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിലെ അവസാന കിക്കായിരുന്നു അത്! ആഴ്സണൽ പ്രതിരോധം നിസ്സഹായരായി നോക്കിനിൽക്കെ ബോണ്ടിയ വില്ലയ്ക്ക് 2-1ൻ്റെ വിജയഗോൾ സമ്മാനിച്ചു.
ഈ ജയത്തോടെ ആസ്റ്റൺ വില്ല (31 പോയിന്റ്) മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ന് സിറ്റി ജയിക്കുകയാണെങ്കിൽ ഈ നില മാറും.ആഴ്സണലിന് മൂന്ന് പോയിന്റുകൾ നഷ്ടപ്പെട്ടെങ്കിലും 33 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഗോൾകീപ്പർമാരായ ഡേവിഡ് റായയും എമിലിയാനോ മാർട്ടിനസും നടത്തിയ മികച്ച സേവുകളാണ് മത്സരത്തെ കൂടുതൽ ആവേശകരമാക്കിയത്.വില്ലയുടെ ഈ വിജയം ടൈറ്റിൽ പോരാട്ടത്തിന് പുതിയ ഊർജ്ജം പകർന്നിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."