രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ
കൊല്ലം: രണ്ട് വയസ്സുള്ള കുഞ്ഞിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും അമ്മയുടെ മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലിസ് കണ്ടെത്തി. കൊലപാതകം നടന്നത് തമിഴ്‌നാട്ടിൽ വെച്ചാണ്.കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലിസ് രജിസ്റ്റർ ചെയ്ത തിരോധാന കേസാണ് ഇപ്പോൾ കൊലപാതകമായി മാറിയത്.
സംഭവം ഇങ്ങനെ
കൊല്ലപ്പെട്ട കുഞ്ഞ്, അമ്മയായ കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ്.കലാസൂര്യ നിലവിൽ തമിഴ്‌നാട്ടുകാരനായ കണ്ണൻ എന്നയാളുമായി താമസിക്കുകയായിരുന്നു. കണ്ണൻ ഇവരുടെ മൂന്നാം ഭർത്താവാണ്. ഇരുവരും തമിഴ്‌നാട്ടിലെ തെങ്കാശിയിലും മധുരയിലുമായാണ് താമസിച്ചിരുന്നത്.
കുഞ്ഞില്ലാതെ കലാസൂര്യ നാട്ടിൽ തിരിച്ചെത്തിയതിൽ സംശയം തോന്നിയ അമ്മൂമ്മ പൊലിസിൽ പരാതി നൽകി.പുനലൂർ പൊലിസ് കലാസൂര്യയെ ചോദ്യം ചെയ്തപ്പോൾ, മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് ആദ്യം മൊഴി നൽകി.എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാൻ കലാസൂര്യയും കണ്ണന് സഹായം ചെയ്തതായി കണ്ടെത്തി.ഒരു മാസം മുമ്പ് തമിഴ്‌നാട്ടിലെ ചിക്കാനുരുണിയിലെ കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ വെച്ചാണ് കൊലപാതകം നടന്നത്.
കേസിന്റെ അന്വേഷണത്തിനായി പുനലൂർ പൊലിസ് കലാസൂര്യയുമായി മധുരയിലെത്തി തെളിവെടുത്തു. തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ കണ്ണനെ പിടികൂടി. സംഭവത്തിൽ തമിഴ്‌നാട് പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."