പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ
കണ്ണൂർ: സൈബർ തട്ടിപ്പിനെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചതിലൂടെ സമാനമായ തട്ടിപ്പിൽ അകപ്പെട്ട ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കണ്ണൂർ സൈബർ ക്രൈം പൊലിസ് നേരത്തെ ഡോക്ടർ ദമ്പതികളെ സമാനമായ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള പത്രവാർത്ത കണ്ടതോടെയാണ് തങ്ങളും കുടുങ്ങിയെന്ന് ഈ ദമ്പതികൾക്ക് മനസ്സിലായത്.
രക്ഷപ്പെട്ടത് ഇങ്ങനെ
തലേദിവസം, തട്ടിപ്പുകാർ ഈ ദമ്പതികളെ 'ഡിജിറ്റൽ അറസ്റ്റിൽ' നിർത്തുകയും ഭീഷണിക്ക് വഴങ്ങി പണം നൽകുന്ന ഘട്ടം വരെ എത്തിക്കുകയും ചെയ്തിരുന്നു.തൊട്ടടുത്ത ദിവസമാണ് ഡോക്ടർ ദമ്പതികളെ തട്ടിപ്പിൽ നിന്ന് രക്ഷിച്ച വാർത്ത ഇവർ പത്രത്തിൽ കണ്ടത്.ഉടൻതന്നെ ഇവർ കണ്ണൂർ സൈബർ ക്രൈം പൊലിസുമായി ബന്ധപ്പെടുകയായിരുന്നു.
തട്ടിപ്പിന്റെ രീതി
തട്ടിപ്പുകാർ സിബിഐ, ട്രായ് (TRAI) ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് ദമ്പതികളെ വിളിച്ചത്.ഇവരുടെ പേരിൽ ഒരു സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, നടപടികളുടെ ഭാഗമായി ഉടൻ വീഡിയോ കോളിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.തുടർന്ന്, ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു അക്കൗണ്ടിലേക്ക് താൽക്കാലികമായി മാറ്റണമെന്നും, കേസ് ഒത്തുതീർപ്പാക്കിയ ശേഷം പണം തിരികെ നൽകാമെന്നും അറിയിച്ചു.കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും, ആധാർ കാർഡ് ഉപയോഗിച്ച് തുറന്ന അക്കൗണ്ടിലേക്ക് തട്ടിപ്പുപണം വന്നിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.
തെളിവിനായി, ഇരയുടെ പേര് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ എഫ്ഐആർ കോപ്പിയുടെയും എടിഎം കാർഡിന്റെയും ചിത്രങ്ങളും ഇവർ ദമ്പതികൾക്ക് അയച്ചുകൊടുത്തു.പത്രവാർത്ത സമയബന്ധിതമായി ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് മാത്രമാണ് ഈ ദമ്പതികൾക്ക് പണം നഷ്ടപ്പെടാതെ രക്ഷപ്പെടാൻ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."