കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം
കൊല്ലം: കൊല്ലം കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് വൻ തീപിടിത്തം. ഏകദേശം ഒമ്പത് ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് അഗ്നിക്കിരയായത്. പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്താണ് സംഭവം. കോടികൾ വിലമതിക്കുന്ന ബോട്ടുകൾ കത്തിനശിച്ചതോടെ മത്സ്യത്തൊഴിലാളികൾക്ക് കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. രാവിലെ മത്സ്യബന്ധനത്തിന് പോകുവാൻ വേണ്ടി ബോട്ടുകളിലെല്ലാം ഡീസൽ നിറച്ചിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു.
കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകളിലാണ് ആദ്യം തീ പടർന്നത്. തുടർന്ന്, തീ മറ്റ് ബോട്ടുകളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. തീ പടരുന്നതിനിടെ ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഇത് തീയണയ്ക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ദുഷ്കരമാക്കി.
വിവരമറിഞ്ഞ ഉടൻ തന്നെ നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുണ്ടായിരുന്ന മറ്റ് ബൈാട്ടുകൾ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിഞ്ഞത് കൂടുതൽ അപകടം ഒഴിവാക്കി. കത്തിനശിച്ചത് ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണ്.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ നവംബറിൽ അഷ്ടമുടി കായലിൽ കുരീപ്പുഴ പാലത്തിന് സമീപം ഐസ് പ്ലാന്റിന് മുന്നിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്ക് തീപിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് കുരീപ്പുഴയിൽ വീണ്ടും വൻ അഗ്നിബാധയുണ്ടായിരിക്കുന്നത്.
A major fire erupted in the early hours at Kuripuzha, Kollam, destroying approximately ten fishing boats and a fibre vessel anchored in the backwaters. The blaze was intensified by the explosion of gas cylinders on the boats. Fire and Rescue service units battled the inferno, which is suspected to have caused losses running into crores for the local fishing community. Fortunately, no injuries were reported in this incident, though a similar fire in November at Ashtamudi Lake had injured two fishermen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."