തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ഇനി നാലുനാൾ. പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവേശവും വർധിച്ചു. വീടുകളിലെത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനകം നിരവധി തവണ വീടുകൾ കയറിയിറങ്ങി വോട്ടർമാരെ കണ്ടു. കൂടാതെ പൊതുപര്യടനങ്ങളും പൊതുയോഗങ്ങളും പുരോഗമിക്കുകയാണ്.
വൈകിട്ട് പ്രധാന റോഡുകളിൽ റാലികളുടെ ബഹളമാണ്. കാലാവസ്ഥ അനുകൂലമായത് പ്രചാരണത്തിന് അനുകൂല ഘടകമായി. രാവിലെ തുടങ്ങുന്ന സ്ഥാനാർഥികളുടെ പ്രചാരണം രാത്രി വരെ നീളും. പൊതുയോഗങ്ങളിൽ നേതാക്കൾ പ്രാദേശിക വിഷയങ്ങൾക്കൊപ്പം ശബരിമല,രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ചൂടുപിടിപ്പിക്കുന്നുണ്ട്. കൊട്ടിക്കലാശം പ്രാദേശികതലത്തിൽ നടത്താനുള്ള തയാറെടുപ്പിലാണ് മുന്നണികൾ.
വാദ്യമേളങ്ങളും കാവടിയും ബാന്റും ഉൾപ്പെടുത്തി ഇഞ്ചോടിഞ്ച് മത്സരിക്കാനാണ് പദ്ധതി. കോർപറേഷൻ കൊട്ടിക്കലാശം നഗരത്തിൽ തന്നെയായിരിക്കും. ഓരോ മുന്നണികൾക്കും പ്രത്യേക സ്ഥലങ്ങൾ നൽകിയായിരിക്കും പൊലിസ് ക്രമീകരിക്കുക. ചൊവ്വാഴ്ച നടക്കുന്ന കൊട്ടിക്കലാശത്തിന് മുൻപ് തന്നെ അടിയൊഴുക്കുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് മൂന്ന് മുന്നണികളും.
മുൻനിര നേതാക്കളെ രംഗത്തിറക്കിയാണ് മുന്നണികൾ കളം കൊഴുപ്പിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി വർ. കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ് ബാബു, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ എന്നിവരും പ്രചാരണത്തിന് എത്തിയിരുന്നു.
മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്
തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. രാവിലെ 11 ന് കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ബീച്ചിൽ നടക്കുന്ന എൽ.ഡി.എഫ് റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കൾ പങ്കെടുക്കും.
The campaign for the local body elections in Kozhikode has entered its final four days, with high excitement among political parties. Candidates are actively engaging voters by visiting homes multiple times. Public rallies and meetings are also progressing, often culminating in large processions on main roads in the evening.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."