ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്
ദുബൈ: അന്താരാഷ്ട്ര തലത്തിൽ നടന്ന 'ഹാരിസ്' ഓപ്പറേഷന്റെ ഭാഗമായി, യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ ശൃംഖലയുടെ തലവനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്. യൂറോപോൾ, സെർബിയൻ ആഭ്യന്തര മന്ത്രാലയം, സ്പാനിഷ് നാഷണൽ പൊലിസ് എന്നിവയുമായി സഹകരിച്ചാണ് ദുബൈ പൊലിസ് ഈ നിർണായക ദൗത്യം പൂർത്തിയാക്കിയത്.
ലക്ഷ്യം 'വ്രകാർസി' സംഘം
ബാൽക്കൺ രാജ്യങ്ങളിലുടനീളം വർഷങ്ങളായി കൊലപാതകങ്ങൾ, ബോംബാക്രമണങ്ങൾ, തീവയ്പ്പ് ആക്രമണങ്ങൾ, അക്രമാസക്തമായ ഏറ്റുമുട്ടലുകൾ എന്നിവ നടത്തിവന്ന "വ്രകാർസി" (Wračarci) എന്ന സംഘമായിരുന്നു ഓപ്പറേഷന്റെ ലക്ഷ്യം. "മന്ത്രവാദിനികൾ" എന്നും അറിയപ്പെടുന്ന ഇവർ, 2014 മുതൽ എതിരാളികളായ കവാച്ച്, സ്കൽജാരി സംഘങ്ങളുമായി നടത്തിയ രക്തരൂക്ഷിതമായ യുദ്ധങ്ങളിൽ ഏകദേശം 60-ഓളം പേർ കൊല്ലപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
വ്രാകാർസി ഉപഗ്രൂപ്പിന്റെ തലവനും കവാച് സംഘത്തിലെ മുഖ്യ കണ്ണിയുമായ മാർക്കോ ഡോർജെവിച്ച് ആണ് ദുബൈയിൽ അറസ്റ്റിലായത്. 2025 ഒക്ടോബർ 16-ന് ബെൽഗ്രേഡിൽ നടന്ന ഒരു കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഡോർജെവിച്ച് ആണെന്ന് സെർബിയൻ അന്വേഷകർ തിരിച്ചറിഞ്ഞതോടെയാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്. ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം വാണ്ടഡ് ക്രിമിനലായിരുന്ന ഇയാൾ ദുബൈയിലായിരുന്നു ഒളിവിൽ താമസിച്ചിരുന്നത്.
ദുബൈ പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര സഹകരണ നടപടിക്രമങ്ങൾ അനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യാൻ ദുബൈ പൊലിസ് അതിവേഗം കരുക്കൾ നീക്കി. ഇയാളുടെ അറസ്റ്റിനെ, സംഘത്തിന്റെ കമാൻഡ് ഘടനയെ തകർക്കാൻ സഹായിച്ച സുപ്രധാന നടപടിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഈ അന്താരാഷ്ട്ര ഓപ്പറേഷന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളിൽ ഒരേസമയം റെയ്ഡുകൾ നടന്നു. സെർബിയയിലെ ബെൽഗ്രേഡിലും മറ്റ് പ്രദേശങ്ങളിലുമായി 22 റെയ്ഡുകൾ നടത്തി 10 പ്രതികളെ അറസ്റ്റ് ചെയ്തു. ഫോണുകൾ, ആഡംബര കാറുകൾ, വാച്ചുകൾ, ഏകദേശം 300,000 യൂറോ പണം എന്നിവ പിടിച്ചെടുത്തു. സ്പെയിനിലെ വലൻസിയ, ബാഴ്‌സലോണ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഭാഗമായി രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈയിൽ യൂറോപോൾ, യൂറോജസ്റ്റ്, സെർബിയൻ അധികാരികളുമായി അടുത്ത സഹകരണത്തോടെ ഗുണ്ടാ നേതാവായ ഡോർജെവിച്ചിനെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് സഹായകമാകുന്ന തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
ദുബൈ പൊലിസിന് അന്താരാഷ്ട്ര പ്രശംസ
രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ, അന്വേഷണ പിന്തുണ, ദൗത്യം വിജയകരമായി നടപ്പാക്കൽ എന്നിവയിൽ ദുബൈ പൊലിസ് വഹിച്ച നിർണായക പങ്കിനെ യൂറോപോൾ, സെർബിയൻ, സ്പാനിഷ് ഉദ്യോഗസ്ഥർ പ്രശംസിച്ചു. സേനയുടെ സാങ്കേതിക ശേഷിയും പ്രൊഫഷണലിസവുമാണ് സംയുക്ത ദൗത്യത്തിന്റെ വിജയത്തിന് പ്രധാന കാരണം.
സംഘടിതവും അന്തർദേശീയവുമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ആഗോള സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഈ ഓപ്പറേഷനിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. സ്പാനിഷ് നിയമ നിർവ്വഹണ സംവിധാനവുമായുള്ള ശക്തമായ ബന്ധം അടുത്തിടെ കൂടുതൽ ശക്തിപ്പെട്ടതായി ദുബൈ പൊലിസ് അറിയിച്ചു.
in a major global operation dubbed “harris,” dubai police arrested europe’s most wanted criminal kingpin, dismantling parts of his network and preventing high-risk crimes. the arrest underscores international law enforcement cooperation and boosts public security across borders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."