വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം
കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി ആക്രമിച്ചു കൊന്ന ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. പൊള്ളാച്ചി സബ് കളക്ടർ രാമകൃഷ്ണ സ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന നിർദേശങ്ങൾ നൽകിയത്.
കാടുകൾ വെട്ടിമാറ്റും, ഉടൻ ഫെൻസിങ്
ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളിലെ കാടുകളും ചെടികളും അടിയന്തരമായി വെട്ടിമാറ്റാൻ യോഗത്തിൽ തീരുമാനമായി. പുലികൾക്ക് ഒളിച്ചിരിക്കാൻ സൗകര്യമുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്.
കൂടാതെ, വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനായി, അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഫെൻസിങ് നടപടികൾ ഉടൻ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്.പൊള്ളാച്ചി സബ് കളക്ടറെ കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ദാരുണ സംഭവം
കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിലെ അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിൽ വെച്ച് അസം സ്വദേശി രാജ്ബുൾ അലിയുടെ മകൻ സൈഫുൾ അലാം (5) പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."