'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്
കൊച്ചി: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ എട്ട് വർഷങ്ങൾക്കിപ്പുറം കോടതി വിധി പറയാനൊരുങ്ങുന്നു. 2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ നടന്ന ആക്രമണവും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവവും മലയാള സിനിമ ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടലുണ്ടാക്കി.ഈ കേസിൽ ഡിസംബർ 8 തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കും.
പ്രതിപ്പട്ടിക: പ്രമുഖ നടനും
കേസിലെ ഒന്നാംപ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ് ആണ്. മറ്റു പ്രതികൾ: മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം (വടിവാൾ സലീം), പ്രദീപ്, ചാർലി തോമസ്.മലയാളത്തിലെ പ്രമുഖ നടനായ പി. ഗോപാലകൃഷ്‌ണൻ എന്ന ദിലീപ് ആണ് കേസിലെ എട്ടാം പ്രതി. സനിൽകുമാർ (മേസ്‌തിരി സനിൽ), ജി. ശരത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
ഗൂഢാലോചന; ദിലീപിന്റെ അറസ്റ്റ്
സംഭവം നടന്ന ഉടൻ തന്നെ ആക്രമണ സംഘത്തിലെ പ്രതികൾ പിടിയിലായെങ്കിലും, നടൻ ദിലീപിന്റെ അറസ്റ്റ് മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2017 ജൂലൈ 10-ന് ദിലീപ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയതും ഗൂഢാലോചന നടത്തിയതും മലയാള സിനിമയിലെ പ്രമുഖ താരമാണെന്ന പൊലിസിന്റെ കണ്ടെത്തൽ കേരളത്തെ ഞെട്ടിച്ചു. ദിലീപ് ഏകദേശം മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞു.
'വളരെ ഷോക്കിങ് ആയ വാർത്ത'; ഐക്യദാർഢ്യ സമ്മേളനത്തിലെ പ്രസംഗം
നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് താരസംഘടനയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപും പങ്കെടുത്തിരുന്നു. ഈ സംഭവത്തെ ദിലീപ് വിശേഷിപ്പിച്ചത് 'വളരെ ഷോക്കിങ് ആയിട്ടുള്ള വാർത്ത' എന്നാണ്. സംഭവത്തിൽ പിന്നീട് ദിലീപിന്റെ പങ്ക് വെളിപ്പെട്ടതും അറസ്റ്റിലായതുമെല്ലാം സിനിമാലോകത്തെയും കേരളത്തെയും ഒരുപോലെ ഞെട്ടിച്ചു.
ഫെബ്രുവരി 19-ന് നടന്ന യോഗത്തിൽ ദിലീപ് നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ:
"പ്രിയമുള്ളവരേ, ഇന്നലെ രാവിലെ ആൻ്റോ വിളിച്ചുപറയുമ്പോളാണ് വളരെ ഷോക്കിങ്ങായിട്ടുള്ള ഈ വാർത്ത അറിയുന്നത്. എൻ്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്‌തിട്ടുള്ള കുട്ടി കൂടിയാണ്. ശരിക്കുപറഞ്ഞാൽ നമ്മൾ ഉടനെ നമ്മുടെ വീടിൻ്റെ അകത്തേക്ക് തന്നെയാണ് നോക്കിപോകുന്നത്. വളരെ ഭയക്കുന്നത്. ഇത് സിനിമയിൽ സംഭവിച്ചു എന്നതിനെക്കാൾ അപ്പുറം നമ്മുടെ നാട്ടിൽ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ, നമ്മളെ വിഷമിപ്പിക്കുന്ന ഒന്ന്.
ഇനി ഈ നാട്ടിൽ ഇത് സംഭവിക്കാതിരിക്കാൻ, അതിനുവേണ്ടി നമുക്ക് ഒരുമിച്ച് കൂട്ടായിട്ട് നിൽക്കാം. അതിൻ്റെ ഭാഗത്ത് ഞാനും ഉണ്ടാകും എന്ന് ഉറപ്പിച്ച് പറയുന്നു. മലയാള സിനിമാ കുടുംബത്തിലെ ഒരു അംഗത്തിന് സംഭവിച്ചു എന്നതിനെക്കാൾ അപ്പുറം കേരളമെന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തോടെ, എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന ഉറച്ചവിശ്വാസത്തോടെ..."വന്നിരിക്കുന്ന എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്, നന്ദി.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."