പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ എട്ട് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന 56-കാരനെ തെളിവുകളുടെ അഭാവത്തിൽ മുംബൈ കോടതി വെറുതെവിട്ടു. പ്രതി കുറ്റം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് വിചാരണ കോടതി ജഡ്‌ജി എൻ.ഡി. ഖോസെ ഇയാളെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
മൊഴികൾ തമ്മിൽ പൊരുത്തക്കേട്
കേസിലെ അതിജീവിത നേരിയ അളവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. കുട്ടിയുടെ മൊഴി മറ്റു തെളിവുകളുമായും മെഡിക്കൽ രേഖകളുമായും ഒത്തുപോകുന്നില്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയാൻ കുട്ടിക്ക് കഴിയുന്നില്ല. കൂടാതെ, പ്രതി കുട്ടിയുടെ മേൽ ലൈംഗികാതിക്രമം നടത്തിയെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി.
കേസിനാസ്പദമായ സംഭവം
2017 ഓഗസ്‌റ്റ് 23-നാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ അയൽവാസിയായിരുന്നു കേസിലെ പ്രതി. ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കേസ്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ പ്രായം 17 വയസ്സായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.എട്ട് വർഷം ജയിലിൽ കഴിഞ്ഞ പ്രതിയെ ഉടൻ തന്നെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."