2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്
കോഴിക്കോട്: കുഴൽ കിണർ കുഴിച്ചതുമായി ബന്ധപ്പെട്ട് ബാക്കി പണം നൽകാനുണ്ടെന്ന പേരിൽ കിണറിന്റെ പൈപ്പിൽ ഗ്രീസ് തേച്ച് വികൃതമാക്കിയ സംഭവത്തിൽ പൊലിസ് കേസെടുത്തു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലാണ് അവിശ്വസനീയമായ ഈ ക്രൂരത നടന്നത്.
പൈപ്പിന്റെ വിലയെച്ചൊല്ലിയുള്ള തർക്കം
ചാലക്കൽ വീട്ടിൽ ബിയാസിന്റെ വീട്ടിലാണ് കെ.എം. ബോർവെൽ ഏജൻസി കിണർ കുഴിക്കാൻ വന്നത്. ഒരു ഫൂട്ടിന് 100 രൂപ നിരക്കിൽ 190 ഫൂട്ടിന് 19,000 രൂപ ബിയാസ് തൊഴിലാളികൾക്ക് നൽകിയിരുന്നു. എന്നാൽ, പിന്നീട് കൂടുതൽ പൈപ്പ് ഇറക്കണം എന്ന് ജോലിക്കാർ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. നാട്ടിൽ 3300 രൂപയ്ക്ക് ലഭിക്കുന്ന പൈപ്പിന് ഏജൻസി 9000 രൂപ ആവശ്യപ്പെട്ടതായി ബിയാസ് പരാതിയിൽ പറയുന്നു. തർക്കത്തിനൊടുവിൽ രണ്ട് പൈപ്പുകൾക്ക് 8000 രൂപ നൽകി. എങ്കിലും ബാക്കി തുകയായ 2000 രൂപയെ ചൊല്ലി തർക്കം തുടർന്നു.
ബിയാസ് പുറത്തുപോയ സമയം നോക്കി ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് കിണറിന്റെ പൈപ്പിൽ ഗ്രീസ് പുരട്ടിയെന്നാണ് പരാതി. അടുത്ത ദിവസം വെള്ളത്തിന്റെ അളവ് പരിശോധിക്കാനായി ബിയാസ് ചെന്നപ്പോഴാണ് ഈ ക്രൂരത കണ്ടത്.
ബിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പൊലിസ് സ്ഥലത്തെത്തി വസ്തുതകൾ ബോധ്യപ്പെടുകയും കെ.എം. ബോർവെൽ ഏജൻസിയുടെ വാഹനവും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."