In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍
'തിളങ്ങുന്ന നക്ഷത്രങ്ങളും, ഭംഗിയുള്ള ചന്ദ്രനും ആകാശത്തെ ഒരു അത്ഭുത ലോകമാക്കി തീര്‍ക്കുന്നു. എന്നാല്‍, ശാസ്ത്രീയ അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് നക്ഷത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ തിളങ്ങുന്നില്ല എന്നും, ചന്ദ്രന്‍ അത്ര ഭംഗിയുള്ളതല്ല എന്നുമാണ്. ഇതില്‍ നിന്നുള്‍ക്കൊള്ളേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍, കാണുന്നതൊക്കെയും വിശ്വസിക്കാതിരിക്കുക. ചില സമയങ്ങളില്‍ ഉപ്പ് പഞ്ചസാരയാണെന്ന് നമുക്ക് തോന്നി പോകാറില്ലേ?'
കേരള സര്‍ക്കാര്‍ 2017ല്‍ മലയാള സിനിമ വ്യവസായത്തിനകത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ ആദ്യ വരികളാണിത്.
ജനങ്ങള്‍ ആര്‍പ്പ് വിളിച്ചും, സ്‌നേഹിച്ചും, ആദരിച്ചും കൊണ്ട് നടക്കുന്ന സിനിമ താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ആദരവൊന്നും അര്‍ഹിക്കാന്‍ മാത്രം അത്ര നല്ല മനുഷ്യരല്ലെന്ന് റിപ്പോര്‍ട്ടിന്റെ ആദ്യ വരിയില്‍ നിന്ന് തന്നെ മനസ്സിലാക്കാം.
2017ല്‍ നടി അക്രമിക്കപ്പെടുകയും കേസില്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തതിന് ശേഷം സംഭവിച്ച ഡബ്ലിയു. സി സി എന്ന സിനിമയിക്കകത്തെ സ്ത്രീകളുടെ കൂട്ടായ്മയുടെ രൂപീകരണം തൊട്ട് പല നടന്മാരില്‍ നിന്നും സ്ത്രീകള്‍ നേരിട്ട മോശമായ അനുഭവങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വരെ മലയാള സിനിമ വ്യവസായത്തെ തന്നെ ആകെ മൊത്തത്തില്‍ പിടിച്ചുലച്ചു എന്ന് പറയേണ്ടതില്ലല്ലോ.
എല്ലാറ്റിന്റെയും തുടക്കം:
2017 ഫെബ്രവരി 17 രാത്രി. മലയാള സിനിമയിലെ പ്രശസ്ത നടി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ്. ഒപ്പമുള്ളത് ഡ്രൈവര്‍ മാത്രം. ഒരിടത്ത് വെച്ച് കാറിന്റെ മുന്നില്‍ ഒരു ടമ്പോ ട്രാവലര്‍ വന്ന് നില്‍ക്കുന്നു. അതില്‍ നിന്ന് സുനില്‍ കുമാറെന്ന പള്‍സര്‍ സുനിയടക്കം നാലാളുകള്‍ നടിയുടെ കാറിലേക്ക് അതിക്രമിച്ചു കയറുന്നു. നടി സുനിയെ തിരിച്ചറിയുന്നുണ്ട്, സുനി പല നടന്മാരുടെയും ഡ്രൈവറായിരുന്നു. സുനി ക്ഷമിക്കണം മേഡം ഇതൊരു കൊട്ടേഷന്റെ ഭാഗമാണെന്ന് പറഞ്ഞു കൊണ്ട് നടിയെ ബലാത്സംഗം ചെയ്യുകയും, അത് എട്ടോളം ക്ലിപ്പുകളില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു.
നാട് മുഴുവനും വാര്‍ത്ത പരന്നു. മാധ്യമങ്ങളില്‍ മുഖ്യ ചര്‍ച്ച വിഷയമായി. ഫെബ്രവരി 19ന് എറണാകുളത്ത് വെച്ച് മലയാള സിനിമയിലെ പ്രമുഖര്‍ ഇരയാക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു പൊതു പരിപാടി സംഘടിപ്പിച്ചു. സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ ഈ കേസില്‍ പിന്നീട് പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപുമുണ്ട്. ആദ്യമായി അവിടെ വെച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജു വാരിയര്‍ കേസിന്റെ പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ട് എന്ന സംശയം മുന്നോട്ട് വെച്ചു. മാധ്യമങ്ങളും, പൊതു ജനവും അതും ഏറ്റു പിടിച്ച് പല കഥകളും മെനഞ്ഞു തുടങ്ങുന്ന ഘട്ടത്തില്‍, ഏപ്രില്‍ 2017ല്‍ പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
ഡബ്ല്യു.സി.സി
നടി അക്രമിക്കപ്പെട്ടതിന് ശേഷം പല നടിമാരും സിനിമ വ്യവസായത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ചൂണ്ടി കാട്ടി മുന്നോട്ട് വരുന്നുണ്ട്. ഷൂട്ടിങ്ങ് സെറ്റുകളില്‍, സ്ത്രീകള്‍ക്ക് ശുചി മുറി ഇല്ലാത്തത് തൊട്ട് അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന പേരില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്ന സ്ഥിതി വരെ മലയാള സിനിമയിക്കകത്ത് നിലനില്‍ക്കുന്നുണ്ടെന്ന് നടിമാരില്‍ ചിലര്‍ പരസ്യമായി തന്നെ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ മലയാള സിനിമയിലെ പ്രധാന സംഘടനയായ അമ്മയോട് ഈ സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഈ കാര്യങ്ങളെയൊന്നും അമ്മ വേണ്ട വിധത്തില്‍ പരിഗണിക്കാതിരുന്ന ഘട്ടത്തില്‍ അമ്മയില്‍ നിന്ന് മാറി 'വുമണ്‍ ഇന്‍ കലക്റ്റീവ് സിനിമ' (ഡബ്ല്യൂ.സി.സി) എന്ന പേരില്‍ ഇവര്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു.
കേസിലെ ആദ്യ ട്വിസ്റ്റ്:
2017 ജൂണില്‍ പള്‍സര്‍ സുനി ജയിലില്‍ വെച്ച് അയച്ച ഒരു കത്ത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. നടന്‍ ദിലീപിന് എഴുതിയ കത്തില്‍ കേസില്‍ നിന്ന് ജാമ്യം എടുക്കാന്‍ നല്ലൊരു വക്കീലിനെയും , കുറച്ച് പണവും പള്‍സര്‍ സുനി ദീലിപിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. കത്ത് പുറത്ത് വന്നതോടെ കേസില്‍ ദിലീപും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത നാടുനീളെ പരന്നു. പ്രസ്തുത കേസ് അന്വേഷിക്കാന്‍ ചുമതലപ്പെട്ട എസ് ഐ ടി ഉദ്യോഗസ്ഥരായ എ ഡി ജി പി സന്ധ്യയും, ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജും ചേര്‍ന്ന് പതിമൂന്ന് മണിക്കൂറോളം ദിലീപിനെയും, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായിട്ടുള്ള നാദിര്‍ ഷായെയും ചോദ്യം ചെയ്യുന്നുണ്ട്.
അങ്ങനെ ജൂലൈ 10, 2017ല്‍ കേസിലെ എട്ടാം പ്രതിയായി കൊണ്ട്, ബലാത്സംഗ ഗൂഢാലോചനയുടെ പേരില്‍ എസ് ഐ ടി ദിലീപിനെ അറസ്റ്റു ചെയ്തു. ഇത് രണ്ട് കാരണങ്ങള്‍ കൊണ്ട് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ഒന്നാമത്തേത്, മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ തന്റെ തന്നെ സഹപ്രവത്തകയെ അക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന കാരണം. രണ്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബലാത്സംഗം ചെയ്യാന്‍ കൊട്ടേഷന്‍ നല്‍കി എന്ന മറ്റൊരു കാരണം.
മൂന്ന് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം ഒക്ടോബറിലാണ് കോടതി ദിലീപിന് ജാമ്യം അനുവദിക്കുന്നത്.
കോടതിയില്‍ നിന്ന് പോലും ലീക്കായ വീഡിയോ ക്ലിപ്പ്:
കേസിന്റെ തുടക്കം തൊട്ട് തന്നെ ദിലീപ് നിരന്തരം കോടതിയോട് ആവശ്യപ്പെട്ട ഒന്നായിരുന്നു പള്‍സര്‍ സുനി റെക്കോര്‍ഡ് ചെയ്തു എന്ന് പറയപ്പെടുന്ന എട്ട് വീഡിയോ ക്ലിപ്പുകളുടെ കോപ്പികള്‍. സെഷന്‍സ് കോടതി തൊട്ട് സുപ്രീം കോടതി വരെ ദിലീപിന്റെ ഈയൊരു ആവശ്യത്തെ തള്ളി കളയുന്നുണ്ട്. എന്നാല്‍ ഒറിജിനല്‍ ക്ലിപ്പുകള്‍ വക്കീലിനോടൊപ്പമിരുന്ന് കാണാന്‍ കോടതി ദിലീപിനെ മൂന്ന് വട്ടം സമ്മതിക്കുന്നുമുണ്ട്.
2021 ഡിസംബറില്‍ സിനിമ സംവിധായകനായിട്ടുള്ള ബാലചന്ദ്രന്‍ ദിലീപ്പിന്റെ വീട്ടില്‍ വെച്ച് ദിലീപിന്റെയും, മറ്റൊരു പ്രമുഖ വ്യക്തിയുടെയും കൂടെ ഇരുന്ന് പ്രസ്തുത വീഡിയോ ക്ലിപ്പുകള്‍ കണ്ട കാര്യം മാധ്യമങ്ങളോട് പങ്കു വെക്കുന്നുണ്ട്. ദിലീപിന് പള്‍സര്‍ സുനിയുമായിട്ടുള്ള ബന്ധവും ഈ സംവിധായകന്‍ ഒപ്പം വെളിപ്പെടുത്തുന്നു. കോടതിയില്‍ സുരക്ഷിതമായി വെച്ചിട്ടുള്ള വീഡിയോ ക്ലിപ്പുകള്‍, അതും ദിലീപ് നിരന്തരം ആവശ്യപ്പെട്ട് സുപ്രീം കോടതി പോലും കോപ്പി നല്‍കാന്‍ സമ്മതിക്കാതിരുന്ന വീഡിയോ ക്ലിപ്പിംഗുകളുടെ കോപ്പി ദിലീപിന്റെ കൈകളില്‍ എങ്ങനെയെത്തി എന്നത് വീണ്ടും വലിയ ചര്‍ച്ച വിഷയമായി. ബാലചന്ദ്രന്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശങ്ങളും പുറത്ത് വിടുന്നുണ്ട്. ഈ ശബ്ദ സന്ദേശങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നു. എന്നാല്‍, കേസിലെ മുഖ്യ സാക്ഷിയായിരുന്ന ബാലചന്ദ്രന്‍ 2024 ഡിസംബര്‍ 13ന് കിഡ്‌നി സംബന്ധമായ അസുഖം കാരണം മരണപ്പെട്ടു.
ഇതിന് പുറമെ കോടതിയിലെ ഒരു മജിസ്‌ട്രേറ്റ് അടക്കം രണ്ട് പേര്‍ വീഡിയോ ക്ലിപ്പുകള്‍ കൈവശപ്പെടുത്തിയിരുന്നു എന്ന് കൂടി കണ്ടത്തപ്പെടുന്നുണ്ട്. എന്നാല്‍, പിന്നീട് ഇതില്‍ അന്വേഷണം നടത്തുകയോ, വേണ്ട നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.
വീഡിയോ പരിശോധനയുടെ ഫോറെന്‍സിക് റിപ്പോര്‍ട്ടുകളിലും വീഡിയോ മാറ്റാരോക്കെയോ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
സാക്ഷികള്‍ തൊട്ട് ജഡ്ജ് വരെ ദിലീപ് അനുകൂല സമീപനം സ്വീകരിച്ചപ്പോള്‍:
കേസ് പരിഗണിക്കേണ്ടത് സ്ത്രീയായിട്ടുള്ള ജഡ്ജിയായിരിക്കണം എന്ന നടിയുടെ അഭ്യര്‍ത്ഥന പ്രകാരം കേരള സര്‍ക്കാര്‍ ജഡ്ജ് ഹണി എം വര്‍ഗ്ഗീസിനെ കേസിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. എന്നാല്‍ പിന്നീട് പലപ്പോഴും ജഡ്ജിന്റെ ഭാഗത്ത് നിന്നുള്ള ചില പ്രശ്‌നങ്ങളെ ചൂണ്ടി കാട്ടി നടി ഹൈ കോടതിയെ സമീപിക്കുന്നുണ്ട്. പലപ്പോഴായി ജഡ്ജിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ള വീഴ്ചകളെ കോടതി ചൂണ്ടി കാട്ടുകയും ചെയ്തിട്ടുണ്ട്. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍, സ്‌പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അമിക്കസ് ക്യൂറി വരെ ദൗത്യത്തില്‍ നിന്ന് പിന്മാറുകയോ സ്ഥലം മാറി പോവുകയോ ചെയ്തിട്ടുണ്ട്.
2020 കാലങ്ങളില്‍ ദിലീപിന് അതിജീവിതയോട് വിദ്വേഷമുണ്ടായിരുന്നു എന്ന് കോടതിയില്‍ മൊഴി കൊടുത്ത സിനിമയിക്കകത്ത് തന്നെയുള്ള പലരും പിന്നീട് ദിലീപിന് അനുകൂലമായി മൊഴി മാറ്റി നല്‍കി. മൊഴി മാറ്റി നല്‍കിയവരില്‍ നടന്മാരായിട്ടുള്ള സിദ്ധീക്കും, ഇടവേള ബാബുവും, നടികളായിട്ടുള്ള ഭാമ, ബിന്ദു പണിക്കര്‍ എന്നിവരും ഉള്‍പ്പെടും.
2022 മെയ് മാസം സായി ശങ്കര്‍ എന്ന ഹാക്കര്‍ ദിലീപിന്റെ ഫോണില്‍ നിന്നും ചില ഫയലുകള്‍ കളയാന്‍ താന്‍ സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് കോടതിയെ സമീപിക്കിന്നുണ്ട്.
വിധി വരുമ്പോള്‍:
2025 ഫെബ്രവരിയില്‍ വിചാരണ പൂര്‍ത്തിയായ കേസിന്റെ വിധി ഡിസംബര്‍ 8, 2025ന് കോടതി പുറപ്പെടിക്കാനിരിക്കുകയാണ്. 'കയ്യൂക്ക് ഉള്ളവന്‍ കാര്യകാരന്‍' എന്ന നിലയിലാണ് കേസ് ചലിച്ചതെങ്കിലും അമ്മ പിരിച്ചു വിടേണ്ടി വന്നതും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതും, അനേകം നടന്മാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതും, ചിലര്‍ക്കെതിരെ പോലീസ് കേസ് എടുത്തതും, സിനിമ ലോകത്ത് നടക്കുന്ന നെറികേടുകളെ സമൂഹം തിരിച്ചറിഞ്ഞതും ഈ കേസിന് ശേഷമാണ്. നടിയോട് ഉണ്ടായ ഈ അതിക്രമത്തിന് ശേഷം സിനിമ ലോകത്ത് നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒറ്റ ചോദ്യമാണ് അവശേഷിപ്പിക്കുന്നത് 'സിനിമ വ്യവസായത്തിനകത്ത് സ്ത്രീകള്‍ സുരക്ഷിതരോ?'
The 2017 assault of a prominent Malayalam actress triggered a seismic shift in the Malayalam film industry, leading to the formation of the Women in Cinema Collective (WCC), deep splits within the actors’ body AMMA, and unprecedented revelations about harassment and power abuse in the industry. The case began on February 17, 2017, when the actress was abducted and assaulted by a gang led by Pulsar Suni, who recorded the attack. As police probed the incident and submitted the first chargesheet, suspicion grew around actor Dileep, who was later arrested for alleged conspiracy after a controversial letter and subsequent evidence hinted at his links to the accused. Over the years, leaked video clips, witness turnarounds, allegations of evidence tampering, and concerns raised even against the presiding judge complicated the trial, while the Hema Committee report exposed widespread misogyny and misconduct in the industry. With the verdict now set for December 8, 2025, the case remains a defining moment that forced Kerala society to confront the question: Are women safe in the film industry?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."