കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു
കൊല്ലം: കൊല്ലം ചവറയിൽ നാടിനെ നടുക്കിയ കൊലപാതകം. 65 വയസ്സുള്ള മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറ സ്വദേശിനി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ഒളിപ്പിച്ചത് കട്ടിലിനടിയിൽ
ഇന്ന് രാത്രിയോടെയാണ് സംഭവം നടന്നത്. കൊലപാതക ശേഷം സുലേഖ ബീവിയുടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
കൊലപാതകം നടക്കുമ്പോൾ ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷഹനാസിന്റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് തിരിച്ചെത്തിയപ്പോൾ സുലേഖ ബീവിയെ കാണാതിരുന്നതിനെ തുടർന്ന് ഷഹനാസിനോട് അന്വേഷിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ലഹരി ഉപയോഗവും സ്ഥിരം പ്രശ്നക്കാരനും
യുവാവ് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. ലഹരിയുടെ പുറത്തുള്ള കൊലപാതകമാണോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലിസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കൊലപാതകത്തിൽ കേസെടുത്ത പൊലിസ് ഷഹനാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്ഥലത്ത് പൊലിസ് എത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനു ശേഷം മാത്രമേ ലഭ്യമാകൂ എന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."