കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ
തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ തൃശ്ശൂർ റൂറൽ പൊലിസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന 58 വയസ്സുള്ള പുത്തൂർ പുത്തൻകാട് സ്വദേശിനിയായ സ്ത്രീയുടെ 34,000 രൂപ അടങ്ങിയ പേഴ്സാണ് ഇവർ മോഷ്ടിച്ചത്. ഡിസംബർ 6-ന് രാവിലെ 11:15-ഓടെയായിരുന്നു സംഭവം.
മോഷണക്കേസുകളിലെ സ്ഥിരം പ്രതികൾ
അറസ്റ്റിലായ യുവതികൾ കേരളത്തിലെ വിവിധ പൊലിസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്.രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പൊലിസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നാല് മോഷണക്കേസുകളിൽ പ്രതിയാണ്.മാരി ആലുവ, എറണാകുളം സെൻട്രൽ, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പൊലിസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണ്.
കൊടകര പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദാസ് പി.കെ., ജി.എസ്.ഐ ബിനോയ് മാത്യു, ജി.എ.എസ്.ഐ ഷീബ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."