കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍
കരുളായി (മലപ്പുറം): കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു. ഇതോടെ തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍. കരുളായി ഉള്‍വനത്തിലെ ആദിവാസി സങ്കേതമായ നെടുങ്കയം ട്രൈബല്‍ വില്ലേജിലെ ജാനകിയുടെ വളര്‍ത്തുനായയാണ് ചൊക്കന്‍. ജാനകി ആടുകളെ കാട്ടില്‍ മേയാന്‍ വിടുമ്പോഴും രാത്രിയിലുമെല്ലാം വന്യമൃഗങ്ങളില്‍നിന്ന് ഇവയ്ക്ക് കാവലായിരുന്നത് ചൊക്കന്‍ അടക്കമുള്ള ആറു നായകളായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി വില്ലേജിലെത്തിയ പുലി ചൊക്കനൊപ്പമുള്ള അഞ്ചു നായകളെയും പിടികൂടി കൊണ്ടുപോയി. ഇതോടെ തനിച്ചായ ചൊക്കന് രാത്രിയാകുന്നത് പോലും പേടിയാണെന്ന് ജാനകി പറയുന്നു. രാത്രിയില്‍ പതിവായി വീടിന് പരിസരത്ത് കഴിച്ചുകൂട്ടിയിരുന്ന ചൊക്കന്‍ ഇപ്പോള്‍ ഇരുട്ടു വീണാല്‍ നേരെ ആട്ടിന്‍കൂട്ടില്‍ കയറിപ്പറ്റും. ആടുകള്‍ക്കിടയില്‍ ചുരുണ്ടുകിടന്ന് ഉറങ്ങും. പിന്നെ കാലത്ത് ഇവയെ മേയാന്‍ വിടുന്നത് വരെ ആട്ടിന്‍കൂട്ടില്‍ തന്നെയാണ് കഴിച്ചുകൂട്ടുക. ആടുകളെ സംരക്ഷിക്കാന്‍ വളര്‍ത്തിയ നായക്കിപ്പോള്‍ ആടുകളാണ് സംരക്ഷണം നല്‍കുന്നതെന്നും ജാനകി പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി പുലി ഭീതിയിലാണ് നെടുങ്കയം ട്രൈബല്‍ വില്ലേജ് നിവാസികള്‍ കഴിയുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ചയും ഇവിടെനിന്ന് പുലി വളര്‍ത്തുനായയെ പിടിച്ചിരുന്നു. വില്ലേജിലെ ബിജുവിന്റെ വളര്‍ത്തുനായയെയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ പുലി കൊണ്ടുപോയത്. ഈ സമയം തൊട്ടടുത്ത റോഡില്‍ ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന നായയുടെ കരച്ചിലാണ് ആളുകള്‍ കേട്ടത്. ടോര്‍ച്ചുമായി നാട്ടുകാര്‍ പരിസരങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും ഇവിടെ നിന്ന് പുലി നായയെ പിടിച്ചുകൊണ്ടുപോയിരുന്നു. സന്ധ്യയോടെ തന്നെ പുലി വില്ലേജിലെത്താന്‍ തുടങ്ങിയത് നാട്ടുകാരെയും കടുത്ത ഭീതിയിലാക്കിയിട്ടുണ്ട്. ഇരുട്ടുമൂടിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വില്ലേജിലുള്ള വളര്‍ത്തുനായകളുടെ എണ്ണവും പകുതിയായി ചുരുങ്ങി. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ഭീതിയകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം, രാത്രിയില്‍ പ്രദേശത്ത് ആര്‍.ആര്‍.ടിയുടെ പട്രോളിങ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി കരുളായി വനം റെയ്ഞ്ച് ഓഫിസര്‍ പി.കെ മുജീബ് റഹ്മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."