വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ
റമല്ല: വെടിനിര്‍ത്തല്‍ കരാര്‍ ആദ്യഘട്ടം നിലവില്‍വന്നെങ്കിലും ഇതുവരെ ആവശ്യമായ ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ ആന്റിബയോട്ടിക്കുകളോ മെഡിക്കല്‍ ഉപകരണങ്ങളോ സൈന്യം കടത്തിവിടുന്നില്ല. എന്നാല്‍ മധുരപലഹാരങ്ങള്‍, മൊബൈല്‍ഫോണുകള്‍, ഇലക്ട്രിക് ബൈക്കുകള്‍ എന്നിവ കടത്തിവിടുന്നുമുണ്ട്.
അവശ്യ മരുന്നുകളില്‍ 54 ശതമാനവും സൈന്യം കടത്തിവിടുന്നില്ല. അത്യാഹിത വിഭാഗത്തിലേക്ക് വേണ്ട മരുന്നുകളും സര്‍ജറി ഉപകരണങ്ങളും 40 ശതമാനം ലഭിക്കുന്നില്ല. ഇതിനാല്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയരക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍ ബര്‍ഷ് പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും അക്രമം തുടരുകയാണ്. ഫലസ്തീനികളുടെ ഭൂമി കൈയേറുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. ഇന്നലെയും വന്‍തോതില്‍ ഒലീവ് ചെടികള്‍ നശിപ്പിച്ചു. നിലവില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ കീഴിലുള്ള വെസ്റ്റ് ബാങ്ക് ഏതാണ്ട് പൂര്‍ണമായും ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രദേശത്തെ രാഷ്ട്രീയമായി കൂടി ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനാണ് നെതന്യാഹു സര്‍ക്കാരിന്റെ നീക്കം.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴും മുഴുവന്‍ ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറിയില്ലെന്നാരോപിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ആക്രമണം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ കരാര്‍ ആദ്യഘട്ടം നിലവില്‍വന്ന ശേഷം ഇതുവരെ 360ലേറെ ഫലസ്തീനികളാണ് ഇസ്‌റാഈലി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."