സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
തിരുവനന്തപുരം/മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രണ്ട് സ്ഥാനാർഥികൾ മരണപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെയും മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും (പായിമ്പാടം വാർഡ്) വോട്ടെടുപ്പ് മാറ്റിവെച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് ആണ് അന്തരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. സ്ഥാനാർഥിയുടെ ആകസ്മിക വിയോഗത്തെ തുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പ് മാറ്റി വയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.
മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ (പായിമ്പാടം വാർഡ്) യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വെട്ടത്ത് ഹസീന (52) അന്തരിച്ചതോടെയാണ് ഈ വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മുസ്ലിം ലീഗ് നേതാവും പായിമ്പാടം അങ്കണവാടി അധ്യാപികയുമാണ് ഹസീന.
കഴിഞ്ഞ ദിവസം രാത്രി വൈകി നടന്ന പ്രചാരണ പരിപാടികൾക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹസീന കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹസീനയുടെ ആകസ്മിക വിയോഗം യു.ഡി.എഫ് പ്രവർത്തകരെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച വാർഡുകളിലെ പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
In Vizhinjam, independent candidate Justin Francis died while undergoing treatment after being injured in a vehicle accident during the campaign. In Muthedam, Vattath Haseena (52), the UDF candidate, died after collapsing following a late-night campaign event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."