നടിയെ ആക്രമിച്ച കേസ്: കുറ്റവിമുക്തനാക്കപ്പെട്ടത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷണത്തിന് നീക്കം; നിയമ നടപടികൾക്ക് തയ്യാറെടുക്കുന്നു ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടൻ ദിലീപ്.തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അധികൃതരെ സമീപിക്കും.
ദിലീപിന്റെ വാദങ്ങൾ
തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടും.അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം.ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി എന്നാണ് ദിലീപ് പറയുന്നത്.കോടതി വിധി പകർപ്പ് ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാനാണ് നടന്റെ നീക്കം.നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്ന് ദിലീപ് കോടതി വിധിക്ക് പിന്നാലെ ആരോപിച്ചിരുന്നു.ദിലീപിനെ പ്രതിയാക്കാൻ ഉന്നത പൊലിസ് ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചു.
മഞ്ജു വാര്യർക്കെതിരായ ആരോപണങ്ങൾ
നടിയെ ആക്രമിച്ചതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുവരേണ്ടതുണ്ടെന്ന് ദർബാർ ഹാൾ ഗ്രൗണ്ടിലെ 'അമ്മ'യുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗമാണ് തനിക്കെതിരായ ഗൂഢാലോചനയ്ക്ക് തുടക്കമിട്ടതെന്ന് ദിലീപ് പറയുന്നു.ആ പ്രസംഗത്തിന് പിന്നാലെയാണ് താൻ കേസിൽ പ്രതിയായതെന്നും ദിലീപ് ആരോപിച്ചു. ദിലീപിന്റെ ആരോപണത്തിൽ മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല.പൊലിസിലെ ചില ക്രിമിനലുകൾ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞെന്നും, തന്റെ ജീവിതവും കരിയറും നശിപ്പിക്കാനായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നതെന്നുമാണ് ദിലീപിന്റെ ആരോപണം.
അഭിഭാഷകന്റെ പ്രതികരണം
ദിലീപിന്റെ ആരോപണത്തിന് സമാനമായ പ്രതികരണമാണ് അഭിഭാഷകനായ ബി രാമൻപിള്ളയും നടത്തിയത്.കേസിന് മേൽനോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ട്, ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാട്
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം.എട്ട് വർഷങ്ങൾക്ക് ശേഷം ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധി അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.കോടതി വിധി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ്, ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണെന്ന് കെപിസിസി അധ്യക്ഷൻ വിമർശിച്ചു.പി ടി തോമസിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
ഉമ തോമസ് എംഎൽഎയുടെ പ്രതികരണം
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ പ്രതികരിച്ചു.മഞ്ജു വാര്യർക്കെതിരെ ദിലീപ് നടത്തിയ പരാമർശങ്ങൾ വളച്ചൊടിക്കലാണ് എന്നും, ഇതുവരെ പറയാത്ത വാദങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.
ഇതൊക്കെ വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് ആരോപിച്ചു.അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്നത് ആലോചനയിലുണ്ടെന്നും, വിധി പകർപ്പ് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഉമ തോമസ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."