In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി
"ഗ്രാമ പഞ്ചായത്തുകളെ നിലനിർത്തുന്നതിൽ സംസ്ഥാനങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. സ്വയംഭരണം നടത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ട് കൊടുക്കാനും സംസ്ഥാനങ്ങൾ തയ്യാറാവണം." ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കൽ 40ൽ സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം എന്ന നിലയിൽ വരുന്ന ഈ ഭാഗം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിൽ അംബേദ്കറിന് എതിർപ്പുണ്ടായിരുന്നുവത്രെ. ഗ്രാമങ്ങൾ സ്വയം ഭരണ പ്രദേശങ്ങളായി തീർന്നാൽ സംഭവിക്കാൻ സാധ്യതയുള്ള ജാതീയമായ അടിച്ചമർത്തലുകൾ തന്നെയാവണം ഇങ്ങനെയൊരു അഭിപ്രായത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്തിലെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളിൽ മിക്കതും പ്രവർത്തിച്ചിരുന്നത് ജാതിയതിഷ്ഠിതമായി കൊണ്ടായിരുന്നു, അത് കൊണ്ട് തന്നെ അനുഭവങ്ങൾ അദ്ദേഹത്തെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചതുമാവാം.
എന്നാൽ ഗാന്ധി ചിന്തിച്ചത് മറ്റൊരു രീതിയിലായിരുന്നു. പൂർണ്ണ സ്വരാജ് (സമ്പൂർണ്ണ സ്വാതന്ത്ര്യം) സാധ്യമാവണമെങ്കിൽ ഗ്രാമ സ്വരാജ് സാധ്യമാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്വാതന്ത്ര്യത്തിന് ശേഷവും, ജനങ്ങൾ പൂർണ്ണ സ്വതന്ത്രരാവണമെങ്കിൽ ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ തലങ്ങളിലും ജനങ്ങൾക്ക് ഇടപെടാൻ സാധിക്കണം. നിലവിലുള്ള യൂണിയൻ /സംസ്ഥാന ഭരണ സംവിധാനങ്ങൾക്ക് പുറമെ സ്വതന്ത്രമായിട്ടുള്ള തദ്ദേശ ഭരണ സംവിധാനങ്ങൾ കൂടി നിലവിൽ വന്നാലേ ജനാധിപത്യ ഭരണ ക്രമം അതിന്റെ പൂർണ്ണതയിൽ എത്തുകയുള്ളൂ എന്ന് ഗാന്ധിയും വാദിച്ചു. താഴെ തട്ടിലെ ജനങ്ങൾക്ക് ഭരണ പ്രക്രിയയിൽ ഇടപെടാനും, വികസന പ്രവർത്തനങ്ങളുടെ ഭാഗമാകാനും ഈ അധികാര വികേന്ദ്രീകരണം സഹായകമാവും എന്ന് കൂടി ഗാന്ധി പറഞ്ഞു വെച്ചു. അങ്ങനെ ആർട്ടിക്കൽ 40 സംസ്ഥാനങ്ങൾക്കുള്ള ഒരു നിർദ്ദേശം എന്ന നിലയിൽ ഭരണഘടനയിൽ ഉൾപ്പെട്ടു. 1993ൽ നടപ്പിലാക്കിയ എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ തദ്ദേശ സ്ഥാപനങ്ങളെ ഭരഘടനാ സ്ഥാപനങ്ങളാക്കി തീർക്കുകയും, അതിന്റെ ചട്ടങ്ങളും സ്വഭാവങ്ങളും നിശ്ചയിക്കുകയും ചെയ്തു.
പഞ്ചായത്തി രാജ് സംവിധാനത്തിന്റെ ചരിത്രം:
അതിപുരാതന കാലം തൊട്ടേ ഇന്ത്യയിൽ ഗ്രാമങ്ങളിൽ ഗ്രാമ തലവന്മാരുടെ നേതൃത്വത്തിൽ ഭരണസമിതികൾ നിലനിന്നിരുന്നു എന്നാണ് ചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നത്. ഋഗ്വ വേദത്തിലും, ചില ഉപനിഷത്തുകളിലും ഇത്തരത്തിലുള്ള ഭരണ സമിതികൾ നിലനിന്നിരുന്നതിനെ കുറിച്ചുള്ള സൂചനകൾ കാണാം. എന്നാൽ ചതുർവർണ്ണ സംവിധാനത്തിൽ അതിഷ്ഠിമായി പ്രവർത്തിച്ചിരുന്ന ഈ ഭരണ സമിതികൾ വിവേചനപരമായി പ്രവർത്തിച്ചിരുന്ന അധികാര കേന്ദ്രങ്ങളായിരുന്നു. കൊളോണിയൽ കാലത്ത് മുന്നേ നിലനിന്നിരുന്ന ഗ്രാമങ്ങളിലെ ഈ പഞ്ചായത്ത് സംവിധാനങ്ങൾ സുഗമമായ ഭരണത്തിനായി ബ്രിട്ടീഷുകാർ ആധുനികവത്കരിക്കുന്നുണ്ട്. ഗ്രാമതലവനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊളോണിയൽ ഭരണകൂടം ജനങ്ങൾക്ക് നൽകുന്നുണ്ടെകിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉയർന്ന ജാതികളിൽ പെട്ടവർക്ക് മാത്രമേ സാധിക്കുകയുള്ളൂ, പലർക്കും വോട്ട് ചെയ്യാനുള്ള അവകാശവും ഉണ്ടായിരുന്നില്ല.
ഗാന്ധിയുടെ അഭിപ്രായം കണക്കിലെടുത്ത് ആർട്ടികൾ 40ലൂടെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതിന്റെ ഭാഗമായി ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളും സ്വാതന്ത്ര്യത്തിന് ശേഷവും പഞ്ചായത്തി രാജ് സംവിധാനം നിലനിർത്തി പോന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനോ, തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധി നിർണ്ണയിക്കുന്നതിലോ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഒപ്പം തന്നെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ഇന്ന് കാണുന്ന പോലെയുള്ള സംവരണങ്ങളും അന്ന് നിലവിൽ ഇല്ലായിരുന്നു.
സർക്കാർ നിയോഗിച്ച കമ്മിറ്റികൾ:
പഞ്ചായത്തി രാജ് സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് സർക്കാർ പല സമയങ്ങളിലായി വിവിധ കമ്മിറ്റികളെ നിശ്ചയിക്കുന്നുണ്ട്. ഈ കമ്മിറ്റികളുടെ റിപ്പോർട്ട് പ്രകാരമാണ് 73ആം ഭരഘടനാ ഭേദഗതി നടപ്പിൽ വരുന്നതും, തദ്ദേശ സ്ഥാപനങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളായി മാറുന്നതും.
1957ൽ നിയോഗിക്കപ്പെട്ട ബൽവാന്ത്രയി മെഹ്ത കമ്മിറ്റി, 1964ൽ നിയോഗിക്കപ്പെട്ട കെ. സന്താനം കമ്മിറ്റി, 1978ൽ നിയോഗിക്കപ്പെട്ട അശോക് മെഹ്ത കമ്മിറ്റി, 1985ൽ നിയോഗിക്കപ്പെട്ട ജി വി കെ റാവു കമ്മിറ്റി, 1986ൽ നിയോഗിക്കപ്പെട്ട എൽ എം സിൻഗ്വി കമ്മിറ്റി എന്നിവയാണ് തദ്ദേശ വകുപ്പിന്റെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റികൾ.
ഈ കമ്മിറ്റികൾ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരമാണ് ത്രിതല ഭരണ സംവിധാനം എന്ന ആശയം രൂപം കൊള്ളുന്നത്. അങ്ങനെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെയുള്ള വികേന്ദ്രീകരണത്തെ കുറിച്ച് സർക്കാർ ആലോചിച്ചു തുടങ്ങി. ഒപ്പം തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധികളും, സ്വയംഭരണവകാശവും ഓരോ കമ്മിറ്റികളും വ്യത്യസ്ത സ്വഭാവത്തിൽ അവതരിപ്പിച്ചു. ഗ്രാമ സഭകളുടെ പ്രാധാന്യവും, ജനങ്ങൾ നേരിട്ട് വികസന കാര്യങ്ങളിൽ ഇടപെടുന്നതിലെ ജനാധിപത്യ സാധ്യതകളും ഈ കമ്മിറ്റികൾ പങ്കു വെക്കുന്നുണ്ട്. അങ്ങനെ കുറേ കൂടി വ്യവസ്ഥാപിതമായി ഇന്തയുടെ ഫെഡറൽ തത്വങ്ങളിൽ നിന്ന് കൊണ്ട് അതിന്റെ വികാസത്തിന്റെ ഭാഗമെന്നോണം പഞ്ചായത്തി രാജ് സംവിധാനത്തെ ഭരണഘടയുടെ ഭാഗമാക്കി തീർക്കാൻ സർക്കാർ തീരുമാനിച്ചു.
73ആം ഭരണഘടന ഭേദഗതി 1993:
പി വി നരസിംഹ റാവുയിന്റെ കീഴിലെ കോൺഗ്രസ്സ് ഭരണകൂടം 1992ലാണ് 73ആം ഭരണഘടന ഭേദഗതി ബില്ല് പാർലമെന്റിൽ പാസ്സാക്കുന്നത്. ബില്ല് നടപ്പിൽ വന്നത് 1993 ഏപ്രിൽ 24നും. അതോട് കൂടി തദ്ദേശ സ്ഥാപനങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളായി തീർന്നു. ഈ സ്ഥാപനങ്ങളുടെ അധികാര പരിധികളും, തെരഞ്ഞെടുപ്പ് രീതികളും നിശ്ചയിക്കപ്പെട്ടു.
ഓരോ 5 വർഷങ്ങളിലും തെരഞ്ഞെടുപ്പ്, പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും, സ്ത്രീകൾക്കും സംവരണം, തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ നികുതി പിരിക്കാനുള്ള അധികാരം, വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യം, ത്രിത്തല ഭരണ ക്രമം തുടങ്ങി ഇന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന ഒട്ടുമിക്ക എല്ലാ അവകാശ - സ്വാതന്ത്ര്യവും ഈ ഭേദഗതിയോട് കൂടി നടപ്പിൽ വന്നതാണ്. ഇത് പിന്നീട് എല്ലാ സംസ്ഥാനങ്ങളും നടപ്പിൽ വരുത്തുകയും ചെയ്തു.
കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനം:
ബ്രിട്ടീഷ് ഭരണകാലത്ത് തരുവിതാംകൂർ രാജാവിന്റെ കീഴിലെ പ്രദേശങ്ങളിലും, ബ്രിട്ടീഷുകാരുടെ കീഴിലെ മലബാറിലും പഞ്ചായത്തി രാജ് സംവിധാനങ്ങൾ നിലനിന്നിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇ എം എസ് മന്ത്രിസഭ ഭാരണഘടനയുടെ ആർട്ടിക്കൽ 40ന്റെ ഭാഗമായി ഇതിനെ നിലനിർത്തുകയും ചെയ്തു. 1960ൽ സർക്കാർ കേരള പഞ്ചായത്ത് ആക്റ്റ് നടപ്പിൽ വരുത്തിയതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു ചട്ടം നിർണ്ണയിക്കപ്പെടുകയും, അവിടേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. 1960ൽ തന്നെ നടപ്പിൽ വന്ന കേരള മുനിസിപ്പലിറ്റീസ് ആക്റ്റ് നഗരങ്ങളിൽ മുനിസിപ്പാലിറ്റികൾക്കും, കോപ്പറേഷൻ ഭരണ ക്രമങ്ങൾക്കും ജന്മം നൽകി.
പിന്നീട് 1993ൽ നടപ്പിൽ വന്ന ഭേദഗതി മറ്റു എല്ലാ സംസ്ഥാനങ്ങളെയും പോലെ കേരളവും നടപ്പിൽ വരുത്തുകയാണുണ്ടായത്.
1995ൽ 990 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 55 മുനിസിപ്പാലിറ്റികളും, 3 മുനിസിപ്പൽ കോപ്പറേഷനുകളുമാണ് കേരളത്തിലുണ്ടായത്. എന്നാൽ ഇന്ന് 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 മുനിസിപ്പൽ കോപ്പറേഷനുകൾ എന്നിടത്തേക്ക് കേരളം എത്തി നിൽക്കുന്നു.
"The idea of complete self-rule through Gandhi's concept of Gram Swaraj; the vision behind bringing local self-government institutions to their present form."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."