ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ ഇടപെടലിനെതിരേ പാലക്കാട് നഗരസഭാ പ്രമേയം
പാലക്കാട്: ക്ഷേമ പെന്‍ഷന്‍ നേരിട്ട് വീടുകളിലെത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭകളുടെ അധികാരത്തില്‍ കൈകടത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരേ പാലക്കാട് നഗരസഭാ പ്രമേയം. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ഒരു വിഭാഗത്തിന് മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്നും ഇടപെടല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്‍ മേലുള്ള കടന്നു കയറ്റമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേരള പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
ബി.ജെ.പി അംഗം സ്മിതേഷാണ് പ്രമേയം അവതരിപ്പിച്ചത്. ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ ഉപഭോക്താക്കളുടെ വിവരശേഖരണം കുടുംബശ്രീ മിഷനുകളെ ഏല്‍പ്പിച്ചിരുന്നത് യഥാസമയം വിവരങ്ങള്‍ നല്‍കാതെ പാലക്കാട് നഗരസഭ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും പെന്‍ഷന്‍ വിതരണത്തിനുള്ള നടപടി വേണമെന്നുമാവശ്യപ്പെട്ട് സി.പി.എം അംഗങ്ങളാണ് യോഗത്തില്‍ പ്രതിഷേധം തുടങ്ങിയത്.
2015 ജൂലൈ അഞ്ചിന് ഇതുസംബന്ധിച്ച് സംസ്ഥാന ധനകാര്യവകുപ്പ് എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് നല്‍കിയിരുന്നെന്നും ബി.ജെ.പി ഭരണത്തിലുള്ള പാലക്കാട് അതു മറച്ചു വച്ച് വിവരശേഖരണം നടത്താതിരിക്കുകയായിരുന്നുവെന്നും സി.പി.എം അംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ഡയസിനു മുന്‍പില്‍ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതേസമയം ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാതെ നഗരസഭാ യോഗം തുടരാനനുവദിക്കില്ലെന്നും പറഞ്ഞ് യു.ഡി.എഫ് അംഗങ്ങളും യോഗം ബഹിഷ്‌ക്കരിച്ചു. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷനുകളുടെ ഡാറ്റാ എന്‍ട്രി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കുമെന്നും അറിയിച്ചു. പിന്നീട് അടിയന്തിരപ്രാധാന്യമുള്ള അജണ്ടകള്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
അതേസമയം ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ രാഷ്ട്രീയം കലര്‍ത്തി സി.പി.എം അട്ടിമറിച്ചതായി നഗരസഭ അധ്യക്ഷ പ്രമീളാ ശശിധരന്‍ ആരോപിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌ക്കാരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അറിയാതെയാണ്.
ക്ഷേമപെന്‍ഷനുകളും കുടിശ്ശികയും വിതരണം ചെയ്യുവാന്‍ കോഓപ്പറേറ്റീവ് ബാങ്കുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍വേ തയ്യാറാക്കുന്നതുപോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിവിധ ഏജന്‍സികളെ ഡാറ്റാ എന്‍ട്രിക്കായി ഏല്‍പ്പിക്കുകയും കുടുംബശ്രീക്കാരെ ഉപയോഗിച്ച് സര്‍വ്വേ നടത്താനും ചുമതലപ്പെടുത്തിയെങ്കിലും ഇതുസംബന്ധിച്ച ഉത്തരവുകളൊന്നും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല എന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ക്ഷേമപെന്‍ഷനുകളില്‍ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേന്ദ്രഫണ്ട് കൃത്യമായി സംസ്ഥാനത്തിന് ലഭിക്കാറുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയാണെന്നും പ്രമീള ശശിധരന്‍ ആരോപിച്ചു.
നഗരസഭാ പരിധിയില്‍ മാത്രം 10542 പേരാണ് ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായിട്ടുള്ളത്. ഇതില്‍ സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ സി.പി.എം അനുഭാവികള്‍ക്കു മാത്രം പെന്‍ഷന്‍ നല്‍കിയതായും ഇതിനിടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പണപ്പിരിവ് നടത്തുന്നതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."