the aviation minister stated that authorities will investigate whether the dgca committed any lapses in relation to the ongoing indigo crisis. further reviews and corrective actions are expected as the situation develops.
HOME
DETAILS
MAL
ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി
Web Desk
December 10, 2025 | 10:23 AM
ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി. കൃത്യമായ കൂടിയാലോചനകളോടെയാണോ ജോലിസമയം നടപ്പാക്കിയത് എന്നും പരിശോധിക്കും- മന്ത്രി വ്യക്തമാക്കി.
ഇന്‍ഡിഗോ പ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെയാണ് പുതിയ ചട്ടം നടപ്പാക്കിയതില്‍ ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് വ്യോമയാന മന്ത്രാലയം പരിശോധിക്കാനൊരുങ്ങുന്നത്. ഒപ്പം ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.
ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സി.ഇ.ഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്രവ്യോമയാനമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
അതേസമയം, പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. പുതുക്കിയ ഷെഡ്യുളുകള്‍ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സമയലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.
എന്നാല്‍ പ്രശ്നം പരിഹരിച്ചുവെന്ന് ഇന്‍ഡിഗോ അവകാശപ്പെടുന്നതിനിടെ ഇന്നും ചില വിമാനത്താവളങ്ങളില്‍ സര്‍വിസുകള്‍ മുടങ്ങി. പ്രതിസന്ധിക്ക് പിന്നാലെ ഇന്‍ഡിഗോക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. എയര്‍ലൈനിന്റെ പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അമിത നിരക്ക് വര്‍ധന തടയണമെന്ന ആവശ്യത്തില്‍ ഇന്‍ഡിഗോക്ക് ഇളവ് നല്‍കില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്‍ഡിഗോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സണുമായി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളില്‍ ഉള്‍പ്പെടെ ഇളവ് വാങ്ങിയെടുത്ത ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടിയുമായി വ്യോമയാന മന്ത്രാലയം മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്കെത്തുകയാണെന്ന് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു. ടിക്കറ്റ് റദ്ദായ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുന്നത് തുടരുകയാണെന്നും എല്‍ബേഴ്സ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച്ച വരെ 138 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ സാധാരണ നിലയിലായി. പ്രതിസന്ധി വിശദമായി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ മുടങ്ങിയത് രാജ്യത്തെ വ്യോമയാന മേഖലയില്‍ സമാനതകളിലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആഭ്യന്തര വ്യോമയാന രംഗത്തെ ഇന്‍ഡിഗോയുടെ കുത്തകയാണ് വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. ഇന്ത്യയിലെ അറുപത് ശതമാനം സര്‍വീസുകളും ഇന്‍ഡിഗോയുടെ പക്കലാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വ്യോമയാന മേഖല സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്ന സാഹചര്യമാണുള്ളത്. സര്‍വീസുകള്‍ മുടങ്ങുകയും, രാജ്യവ്യാപക പ്രതിസന്ധി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."